ഗുജറാത്തിൽ പത്ത് വയസുകാരനെ ബലി നൽകി പിതാവ്

അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിൽ പത്തു വയസുകാരനെ പിതാവ് ദേവീ വിഗ്രഹത്തിന് മുന്നിൽ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സാനന്ദ് താലൂക്കിലെ വിഞ്ചിയ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം.
പത്തു വയസ്സുകാരനായ കരൺ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും കർഷകത്തൊഴിലാളിയുമായ നരേഷ് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് നരേഷിന്റെ ഭാര്യ ഭാരതിബെൻ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് ക്രൂരകൃത്യം. മകന്റെ പഠനാവശ്യം മുൻനിർത്തി കുട്ടിയെ പിതാവിനൊപ്പം നിർത്തിയതായിരുന്നു എന്നാണ് വിശദീകരണം.
ഞായറാഴ്ച രാത്രി അയൽവാസിയാണ് അനിഷ്ട സംഭവം ഭാരതിബെനെ ഫോണിൽ വിളിച്ചറിയിച്ചത്. രാത്രി പത്തുമണിയോടെ കുട്ടിയുടെ അമ്മ വീട്ടിൽ എത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന മകനെയും അവന്റെ സമീപത്ത് രക്തം പുരണ്ട വസ്ത്രങ്ങളുമായി സ്വസ്ഥമായി ഉറങ്ങുന്ന പിതാവിനെയുമാണ് കണ്ടെതെന്നാണ് മൊഴി. കുട്ടിയുടെ കാലിൽ പിടിച്ച് വീട്ടിലെ ദേവീ പീഠത്തിന് മുന്നിൽ അടിച്ചു. തുടർന്ന് ജീവൻ പോകാഞ്ഞ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും സമ്മതിച്ചു.
ഗ്രാമത്തിലെ പരമ്പരാഗത ആചാരപ്രകാരം ദൈവത്തിനും വിശ്വാസികൾക്കും ഇടയിലെ മധ്യസ്ഥനായി പ്രവർത്തിക്കുന്ന 'ഭുവ' എന്ന പദവി വഹിക്കുന്ന വ്യക്തിയാണ് നരേഷ് പട്ടേൽ. തന്റെ പിതാവിന് ശേഷമാണ് തനിക്ക് ഈ പദവി ലഭിച്ചത്. തനിക്ക് ശേഷം കുടുംബത്തിൽ ആരും ഇനി 'ഭുവ' ആകരുത് എന്ന് കരുതിയാണ് ഏക മകനെ ദേവീ പ്രീതിക്കായി ബലി നൽകിയതെന്നും നരേഷ് ഭാര്യയോട് പറഞ്ഞതായി മൊഴിയുണ്ട്.
Related News
സംഭവത്തിൽ ഭാരതിബെന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പിന്നീട് പറഞ്ഞു.
ദുരാത്മാക്കളെ ഒഴിപ്പിക്കൽ, ബാധ ഒഴിക്കൽ, ഗ്രാമവാസികളുടെ രോഗങ്ങൾ മാറ്റി കൊടുക്കൽ, ഭാവി പറയൽ എന്നിവയ്ക്കായി ആളുകൾ ഭുവമാരെ സമീപിക്കാറുണ്ട്. അമാനുഷിക ശക്തികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്ന പേരിൽ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു.









0 comments