'മുരശ്' ചുഴലിക്കാറ്റ് കരതൊടുന്നു; കേരളത്തിൽ നവംബർ 6 വരെ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശക്തമായ ചുഴലിക്കാറ്റായ മുരശ് മധ്യ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തുടരുന്നു. ഇന്ന് രാത്രി 11:30-നും (23:30 IST) നവംബർ 3 പുലർച്ചെ 4 മണിക്കും (04:00 IST) ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗതയിലും പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിയിലും കരയിൽ പ്രവേശിക്കാൻ സാധ്യത.
തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക–തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. നവംബർ 2,3,6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെ.മീ. വരെ) സാധ്യത. നവംബർ 02 മുതൽ നവംബർ 06 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.









0 comments