ad
Deshabhimani

കതിർക്കനമേറ്റി കളമശേരി

KALAMASSERY
avatar
എം എസ്‌ അശോകൻ

Published on Mar 10, 2026, 02:11 AM | 2 min read

കൊച്ചി


ജില്ലയിലെ പുതിയ മണ്ഡലങ്ങളിലൊന്ന്‌. വ്യവസായ മേഖലയെന്ന നിലയിലാണ്‌ കളമശേരിയുടെ പെരുമയെങ്കിലും കാർഷിക മേഖല ഉൾപ്പെടുന്ന പഞ്ചായത്ത്‌ പ്രദേശങ്ങളുടെയും പ്രതാപം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലും എച്ച്‌എംടിയിലും വ്യവസായ മേഖലയിലെ ചെറുതും വലുതുമായ അഞ്ഞൂറോളം സംരംഭങ്ങളിലും ഒതുങ്ങുന്നതല്ല പുതിയ കളമശേരിയുടെ മേൽവിലാസം. 600 കോടി നിക്ഷേപമുള്ള അദാനി ലോജിസ്‌റ്റിക്‌ പാർക്ക്‌, കിൻഫ്ര പാർക്ക്‌ എന്നിവ ഉൾപ്പെടെ നൂറുകണക്കിന്‌ പുതുസംരംഭങ്ങളുടെയും പകിട്ട്‌. മധ്യകേരളത്തിലെ അർബുദചികിത്സാ ഹബ്ബായി ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്ററിന്റെ ആസ്ഥാനം.


കോവിഡിനെതിരെ ജില്ലയുടെ പ്രതിരോധ കോട്ടയായി മാറിയ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌, പുതിയ മാതൃ–ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌, കുസാറ്റ്‌, പോളിടെക്‌നിക്‌, ഐടിഐ എന്നിവയും കളമശേരിയുടെ തലയെടുപ്പ്‌. ജുഡീഷ്യൽ സിറ്റി, സയൻസ്‌ പാർക്ക്‌, സ്‌കിൽ ഡെവലപ്‌മെന്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിങ്ങനെ വന്പൻ പദ്ധതികളും യാഥാർഥ്യത്തിനരികെ. മണ്ഡലത്തിന്റെ ഹൃദയരേഖയായ സീപോർട്ട്‌–എയർപോർട്ട്‌ റോഡ്‌ തടസ്സങ്ങളെല്ലാം നീങ്ങി നെടുന്പാശേരിക്കുള്ള കുതിപ്പിൽ. പോയ അഞ്ചുവർഷത്തിനിടെ വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാനസ‍ൗകര്യ വികസനത്തിനുമായി 4,000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ്‌ മണ്ഡലത്തിലുണ്ടായത്‌.


ആലുവ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർത്ത്‌ 2011 ലാണ്‌ കളമശേരി മണ്ഡലം രൂപീകരിച്ചത്‌. കളമശേരി, ഏലൂർ നഗരസഭകളും ആലങ്ങാട്‌, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളുമാണ്‌ ഉൾപ്പെടുന്നത്‌. ആദ്യ രണ്ട്‌ തെരഞ്ഞെടുപ്പിലും യുഡിഎഫ്‌ വിജയിച്ചു. മുസ്ലിംലീഗിലെ വി കെ ഇബ്രാഹിംകുഞ്ഞായിരുന്നു രണ്ടുവട്ടവും യുഡിഎഫ്‌ പ്രതിനിധി. മൂന്നാമങ്കത്തിൽ സംസ്ഥാനശ്രദ്ധ നേടിയ പോരാട്ടം നയിച്ച പി രാജീവിലൂടെ കളമശേരി എൽഡിഎഫിനൊപ്പം. മണ്ഡലത്തെ പ്രതിനിധീകരിച്ച രണ്ടുപേരും സംസ്ഥാന മന്ത്രിസഭകളിൽ പ്രധാന വകുപ്പുകൾ കൈകാര്യംചെയ്‌തുവെന്നതും ശ്രദ്ധേയം. അന്തരിച്ച വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ അബ്‌ദുൾ ഗഫൂറിനെയാണ്‌ 2021ൽ രാജീവ്‌ പരാജയപ്പെടുത്തിയത്‌. ഭൂരിപക്ഷം 15,336. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലവുമാണ്‌ കളമശേരി.


കോതമംഗലത്ത്‌ 
ചരിത്രം തുടരും


ശ്രീരാജ്‌ ഓണക്കൂർ


കോതമംഗലം


ചരിത്രമുറങ്ങുന്ന മണ്ണായ കോതമംഗലം ജില്ലയുടെ കിഴക്കൻ കാർഷിക ഭൂമിയുടെ കേന്ദ്രങ്ങളിലൊന്നാണ്‌. ആദി ചേരരാജാക്കന്മാരുടെ തലസ്ഥാന നഗരം. ഹൈറേഞ്ചിന്റെ കവാടഭൂമി. എന്നിങ്ങനെയുള്ള വിശേഷണങ്ങളുള്ള തലയെടുപ്പുള്ള മണ്ഡലം. തീർഥാടന കേന്ദ്രങ്ങളായ കോതമംഗലം ചെറിയപള്ളി, തൃക്കാരിയൂർ ക്ഷേത്രം എന്നിവ ഇവിടെയാണ്. ജില്ലയിൽ ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ള കുട്ടമ്പുഴ ഈ മണ്ഡലത്തിലാണ്. തട്ടേക്കാട് പക്ഷിസങ്കേതം, ഭൂതത്താൻകെട്ട്, ഇടമലയാർ ഡാമുകൾ എന്നിവ പ്രധാന ആകർഷണകേന്ദ്രങ്ങളാണ്. ആലുവ–-മൂന്നാർ റോഡും കൊച്ചി-–ധനുഷ്‌കോടി ദേശീയപാതയും കടന്നുപോകുന്നു.


കോതമംഗലം നഗരസഭയും നെല്ലിക്കുഴി, കോട്ടപ്പടി, കീരമ്പാറ, പല്ലാരിമംഗലം, കുട്ടമ്പുഴ, വാരപ്പെട്ടി, പിണ്ടിമന, കവളങ്ങളാട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം.

1965ൽ കെ എം ജോർജും 1967ൽ സിപിഐ എമ്മിലെ ടി എം മീതിയനും പിടിച്ചടക്കിയ മണ്ഡലത്തിൽ സിപിഐ എം, സിപിഐ, കേരള കോൺഗ്രസ്, കോൺഗ്രസ് പാർടികൾക്ക്‌ സ്വാധീനമുണ്ട്. ബിജെപി സാന്നിധ്യം മാത്രം. 1970ൽ എം ഐ മാർക്കോസ്‌ (സ്വത.), 1977ൽ -എം വി മാണിയും (കേരള കോൺഗ്രസ്‌) മണ്ഡലത്തെ പ്രതിനിധാനംചെയ്‌തു. 2006ൽ ജോസഫ് വിഭാഗം എൽഡിഎഫിലായിരുന്നപ്പോൾ മണ്ഡലത്തെ പ്രതിനിധാനംചെയ്‌ത ടി യു കുരുവിള മന്ത്രിയായിരുന്നു. 2011ൽ മാണി കോൺഗ്രസിലൂടെ യുഡിഎഫിലെത്തി അദ്ദേഹം വീണ്ടും എംഎൽഎയായി. ടി എം ജേക്കബും വി ജെ പൗലോസും മൂന്നുവട്ടം മണ്ഡലത്തിൽനിന്ന് ജയിച്ചു. 2016ൽ കുരുവിളയെ 19,282 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സിപിഐ എമ്മിലെ ആന്റണി ജോൺ മണ്ഡലം തിരിച്ചുപിടിച്ചു. 2021ലും ആന്റണി ജോൺ 6605 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയം ആവർത്തിച്ചു.

കോതമംഗലത്തിന്റെ സ്വപ്‌നപദ്ധതിയായ തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ്‌ നിർമാണം പൂർത്തിയാക്കാനായത്‌ എൽഡിഎഫിന്റെ പ്രധാന നേട്ടമാണ്‌. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും മിന്നുന്ന നേട്ടം കൈവരിക്കാനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home