ad
Deshabhimani

കളമശേരിയിലെ മാലിന്യമല 
നീങ്ങുന്നു; മണ്ണ്‌ നിരത്തൽ ഉടൻ

kalamassery

കളമശേരിയിലെ ബയോ മൈനിങ് ജോലികൾ പുരോഗമിക്കുന്നു

വെബ് ഡെസ്ക്

Published on Apr 24, 2026, 03:06 AM | 1 min read

കളമശേരി


നോർത്ത് കളമശേരിയിൽ നഗരസഭയുടെ ഡമ്പിങ് യാ‍‌ർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടന്ന മാലിന്യം നീക്കി സ്ഥലം വീണ്ടെടുക്കാനുള്ള ബയോ മൈനിങ് ജോലികൾ പൂർത്തീകരണത്തിലേക്ക്. 48,159.71 മീറ്റർ ക്യൂബ് മാലിന്യമാണ് ഇവിടെ അടിഞ്ഞുകൂടിയിരുന്നത്. ഇതിൽ 33,523.73 മീറ്റർ ക്യൂബ് മാലിന്യങ്ങളും സംസ്കരിച്ചു. 14,635.98 മീറ്റർ ക്യൂബ് മാലിന്യം മാത്രമാണ് ഇനി സംസ്കരിക്കാനുള്ളത്.


കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ വേർതിരിച്ച് ജ്വലനശേഷിയുള്ളവ (ആർഡിഎഫ് – റെഫ്യൂസ്‌ ഡിറൈവ്‌ഡ്‌ ഫ്യുവൽ) സിമന്റ് കമ്പനികളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. 3262 മെട്രിക് ടൺ ആ‌ർഡിഎഫ് കയറ്റിയയച്ചു. ശേഷിക്കുന്നവകൂടി സംസ്കരിച്ചാൽ ഭൂമി പഴയതുപോലെയാക്കാനുള്ള മണ്ണ് നിരത്തൽ (ബാക്ക് ഫില്ലിങ്) ആരംഭിക്കും.


വടക്കൻ പറവൂരിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ ബാക്ക് ഫില്ലിങ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ​ദേശീയ പാതയോരത്ത് റെയിൽവേ സ്റ്റേഷനും അപ്പോളോ ടയേഴ്സിനും ഇടയിലുള്ള 1.95 ഏക്കർ ഭൂമിയിലാണ് 30 വർഷമായി മാലിന്യം കുമിഞ്ഞുകൂടിയിരുന്നത്‌. ഭൂനിരപ്പിൽനിന്ന് 11 മീറ്റർ ഉയരത്തിലും 8.5 മീറ്റർ താഴ്ചയിലുമാണ് മാലിന്യനിക്ഷേപം. മാലിന്യം മുഴുവൻ നീക്കി നിരപ്പാക്കുന്നതോടെ ഭൂമി മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.


ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി)യിൽ ഉൾപ്പെടുത്തിയാണ് മാലിന്യം നീക്കുന്നത്. 9.20 കോടി രൂപയാണ് പദ്ധതിക്ക് ചെലവിടുന്നത്. മഹാരാഷ്ട്രയിലെ നാഗ്പുർ ആസ്ഥാനമായ കമ്പനിയാണ് ബയോ മൈനിങ്ങിനായി കരാറെടുത്തിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home