ജാതികർഷകരും പ്രതിസന്ധിയിൽ
കരിയുന്നു, കൊഴിയുന്നു

കാലടിയിൽ ജാതി മരം ഉണങ്ങിയ നിലയിൽ
കെ ഡി ജോസഫ്
Published on Apr 26, 2026, 02:10 AM | 1 min read
കാലടി
ജില്ലയിലെ ജാതികർഷകരും പ്രതിസന്ധിയിൽ. വേനൽമഴ ചതിച്ചതും ഉയർന്ന ചൂടുമാണ് കർഷകരെ ചതിച്ചത്. തോട്ടങ്ങളിൽ ജാതിക്ക കൊഴിഞ്ഞുവീഴുകയാണ്.
വേനൽക്കാലത്ത് നന്നായി നന വേണം. എന്നാൽ, വേനൽമഴ ഇത്തവണ ജില്ലയിൽ കുറഞ്ഞു. മൂപ്പെത്തുംമുന്പേ ജാതിക്കാ കൊഴിഞ്ഞുവീഴുന്നതിനുപുറമേ മരത്തിന്റെ മുകൾഭാഗം നേർത്ത് ഒടിയുന്ന സ്ഥിതിയുമുണ്ട്. സ്ഥിതി തുടർന്നാൽ വൻ നഷ്ടമുണ്ടാകുമെന്ന് കർഷകർ പറയുന്നു. കാലടി മേഖലയിൽ ഉൾപ്പെടെ സ്ഥിതി രൂക്ഷമാണ്. ഇവിടെ ഭൂരിഭാഗം വീടുകളിലും ജാതികൃഷിയുണ്ട്. ചെറിയ തോട്ടത്തിൽനിന്നുപോലും വർഷം രണ്ടുലക്ഷം രൂപയുടെ ജാതിക്ക ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 25,000 മുതൽ 40,000 വരെ രൂപയുടെ ജാതിക്കമാത്രം പ്രതീക്ഷിച്ചാൽ മതിയെന്ന സ്ഥിതിയാണെന്ന് കർഷകനായ കാലടി സ്വദേശി അൻമുറ ആഗസ്തി പറഞ്ഞു.
ജാതിക്ക് നന്നായി ജലം ലഭിക്കണം. വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ടാകരുത്. ക്രമാതീതമായി സൂര്യപ്രകാശം പതിച്ചാൽ ജാതിച്ചെടികൾ കരിയും. കൃഷിക്ക് മതിയായ വെള്ളം കിട്ടാത്ത അവസ്ഥയ്‌ക്കൊപ്പം കടുത്തചൂടുംകൂടിയായതോടെ പ്രയാസമേറി. മഴയില്ലാത്തപ്പോൾ കിണറുകളിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് ജാതി നനയ്‌ക്കുന്നത്. വേനൽ കനത്തതോടെ കിണറുകളിലെ വെള്ളം താഴ്‌ന്നു. ഇൗ മാസംമാത്രം 45 ഹെക്ടറിലധികം ജാതി കൃഷി ജില്ലയിൽ നശിച്ചുകഴിഞ്ഞു.











0 comments