കലാഭവന്റെ മിമിക്രി ശിൽപ്പശാല അവസാന വേദിയായി
ആദ്യ പ്രതിഫലം 75 രൂപ, കലാഭവനിൽ തുടരാൻ നൂറുവട്ടം സമ്മതം

മിമിക്സ് ശിൽപ്പശാലയിൽ പങ്കെടുക്കാൻ നവാസ് കലാഭവനിൽ എത്തിയപ്പോൾ (ഫയൽ ചിത്രം)

ശ്രീരാജ് ഓണക്കൂർ
Published on Aug 02, 2025, 02:45 AM | 1 min read
കൊച്ചി
എഴുപത്തഞ്ച് രൂപ അതായിരുന്നു കലാഭവൻ നവാസിന് സ്‌റ്റേജിൽ മിമിക്രി ചെയ്‌തതിന് കിട്ടിയ ആദ്യ പ്രതിഫലം. കലാഭവൻ സ്ഥാപകൻ ആബേലച്ചന്റെ കൈയിൽനിന്നായിരുന്നു ആ തുക ലഭിച്ചത്. "ഇയാൾക്ക് ഇവിടെ തുടരാൻ താൽപ്പര്യമുണ്ടോയെന്ന്' ആബേലച്ചന്റെ ചോദ്യം. നൂറുവട്ടം തനിക്ക് അത് സമ്മതമായിരുന്നുവെന്ന് നവാസ് ഓർത്തെടുത്തു. സംസ്ഥാനത്ത് ആദ്യമായി, കലാഭവൻ സംഘടിപ്പിച്ച മിമിക്രി ശിൽപ്പശാലയിൽ ജൂലൈ അഞ്ചിന് പങ്കെടുത്ത ഉദ്‌ഘാടനച്ചടങ്ങിലാണ് നവാസ് ഈ ഓർമ പങ്കുവച്ചത്.
നമ്മൾ എവിടെ എത്തുന്നു എന്നതല്ല പ്രധാനമെന്ന് അദ്ദേഹം ശിൽപ്പശാലയിലെത്തിയ വിദ്യാർഥികളോട് പറഞ്ഞു. അനുകരണമാണെങ്കിലും നമ്മുടെ ഒരു ക്രിയേറ്റിവിറ്റി അതിലുണ്ടാകണമെന്നും നവാസ് അവരെ ഓർമിപ്പിച്ചു. എന്ത് കൊടുത്താലാണ് ഞാൻ ശ്രദ്ധിക്കപ്പെടുക എന്ന തീരുമാനം ആദ്യമുണ്ടാകേണ്ടത് നമുക്കാണെന്നും നവാസ് പുതുതലമുറയോട് പറഞ്ഞു.
‘മിസ്‌റ്റർ ആൻഡ് മിസിസ്സ്’ എന്ന സിനിമയിലാണ് ആദ്യമായി ഡയലോഗ് പറഞ്ഞ് അഭിനയിച്ചത്. റാഫി–-മെക്കാർട്ടിനായിരുന്നു സ്‌ക്രിപ്‌റ്റ്. തന്റെ മിമിക്രി പരിപാടികൾ കണ്ട റാഫിയും മെക്കാർട്ടിനുമാണ് സിനിമയില്‍ അവസരമൊരുക്കിയതെന്നും നവാസ് പ്രസംഗത്തിൽ പറഞ്ഞു. പുതിയ മിമിക്രി കലാകാരൻമാരോട് വിശേഷങ്ങൾ ചോദിച്ചും ഒപ്പംനിന്ന് സെൽഫിയെടുത്തും ഏറെ സന്തോഷത്തോടെയാണ് നവാസ് അന്ന് കലാഭവനിൽനിന്ന് മടങ്ങിയത്. കേരള സംഗീതനാടക അക്കാദമിയും കൊച്ചിൻ കലാഭവനും ചേർന്ന് സംഘടിപ്പിച്ച സംസ്ഥാന മിമിക്സ് ശിൽപ്പശാല വ്യവസായമന്ത്രി പി രാജീവാണ് ഉദ്ഘാടനം ചെയ്‌തത്. ഏലൂർ ജോർജും തെസ്‌നിഖാനും സംവിധായകൻ മെക്കാർട്ടിനും കലാഭവൻ പ്രസാദുമെല്ലാം നവാസിനൊപ്പം വേദി പങ്കിട്ടിരുന്നു.









0 comments