ad
Deshabhimani

ക്ലാസ്‌മുറി കളിയരങ്ങായി ; ഹംസമായി പ്രീത ടീച്ചർ

kadhakali
വെബ് ഡെസ്ക്

Published on Aug 13, 2025, 02:37 AM | 1 min read


കൊച്ചി

പലരും ആദ്യമായാണ്‌ കഥകളി കാണുന്നത്‌. ചിലരൊക്കെ അടുത്തുകാണുന്നത്‌ ആദ്യം. മദ്ദളവും ചെണ്ടയും ചേങ്ങിലയും സ്‌കൂൾ ഓഡിറ്റോറിയത്തിലെ കളിത്തട്ടുണർത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ ക‍ൗതുകത്താൽ വിടർന്നു. പത്താംക്ലാസ്‌ പാഠാവലിയിലെ ‘സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ’ പാഠഭാഗം ആടിയവതരിപ്പിച്ച്‌ മലയാളം അധ്യാപിക അരങ്ങിലെത്തിയപ്പോൾ സദസ്സിൽ വിസ്‌മയത്തിന്റെ പൂത്തിരികത്തി. കച്ചേരിപ്പടി സെന്റ്‌ ആന്റണീസ്‌ എച്ച്‌എസ്‌എസിലെ മലയാളം അധ്യാപിക പ്രീത ബാലകൃഷ്‌ണനാണ്‌ പാഠഭാഗം ആടിയവതരിപ്പിച്ച്‌ സ്വന്തം വിദ്യാർഥികളെ ക്ലാസിക്കൽ കലയുടെ മധുരമൂട്ടിയത്‌.


സ്വാതന്ത്ര്യത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള സന്ദേശമുൾക്കൊള്ളുന്ന പാഠഭാഗമായാണ്‌ നളചരിതം ആട്ടക്കഥയിലെ ഒന്നാംദിവസത്തെ ഒരുഭാഗം പത്താംക്ലാസ്‌ പാഠാവലിയിൽ ചേർത്തിട്ടുള്ളത്‌. ഉദ്യാനത്തിലിരിക്കുന്ന നളൻ അവിടെ എത്തുന്ന സ്വർണനിറമുള്ള ഹംസവുമായി നടത്തുന്ന സംഭാഷണമാണിത്‌. 15 മിനിറ്റിൽ ആടിത്തീർക്കാവുന്ന ഭാഗം കൂട്ടിച്ചേർക്കലോടെ ഒന്നേകാൽ മണിക്കൂറെടുത്താണ്‌ പ്രീത ടീച്ചർ അരങ്ങേറ്റിയത്‌. ഏഴാംവയസ്സിൽ കഥകളി പഠിച്ചുതുടങ്ങിയ ടീച്ചർ, ഹംസമായി വേഷമിട്ട ആദ്യ അരങ്ങുമായിരുന്നു. നളചരിതത്തിലെ കലിയെ രണ്ടുവർഷംമുമ്പ്‌ സ്‌കൂളിൽ കെട്ടിയാടിയിരുന്നു. അടുത്തവർഷം അധ്യാപനജോലിയിൽനിന്ന്‌ വിരമിക്കും. അടുത്ത അഞ്ചുവർഷവും ഇ‍ൗ അവതരണത്തിന്റെ വീഡിയോ കുട്ടികളെ കാണിച്ച്‌ പാഠവും കഥകളിയും പരിചയപ്പെടുത്താമെന്ന്‌ പ്രീത ബാലകൃഷ്‌ണൻ പറഞ്ഞു. 9, 10 ക്ലാസുകാരായിരുന്നു കാണികൾ.


തൃപ്പൂണിത്തുറ വനിതാ കഥകളികേന്ദ്രത്തിലെ കലാകാരി പാർവതി മേനോനാണ്‌ നളനായി വേഷമിട്ടത്‌. പക്കമേളത്തിലും പിന്നണിയിലും കലാമണ്ഡലം രാജേഷ്‌ ബാബു, സദനം പ്രേമൻ (പാട്ട്‌), സദനം രജീഷ്‌ (ചെണ്ട), ആർഎൽവി ജിതിൻ (മദ്ദളം), എരൂർ മനോജ്‌ (ചുട്ടി), ആർഎൽവി അനുരാജ്‌, എരൂർ സുതൻ (അണിയറ) എന്നിവരായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home