ആത്മവിശ്വാസത്തിന്റെ ക്രീസിൽ ലങ്കാദഹനം; നന്ദിപറയാൻ സുകന്യയെത്തി

ബധിര–മൂക വനിതാ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെ എസ് സുകന്യ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിയപ്പോൾ ഡയറക്ടർ ഫാ. ജേക്കബ് ജി പാലയ്ക്കപ്പിള്ളി പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു
അങ്കമാലി
അപകടത്തിൽ പരിക്കു പറ്റി കളി തുടരാനാകുമോ എന്ന ആശങ്കയിൽനിന്ന് ചികിത്സയ്‌ക്കൊപ്പം ആത്മവിശ്വാസവും പകർന്ന് ക്രീസിൽ തിരികെയെത്തിച്ച ഡോക്ടറെ കാണാൻ സുകന്യ വീണ്ടുമെത്തി. ബധിര-മൂക വനിത ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെ എസ് സുകന്യയാണ് ശ്രീലങ്കൻ പര്യടനത്തിലെ അഞ്ചുമത്സരങ്ങളും വിജയിച്ചതിന്റെ സന്തോഷത്തിൽ ഡോക്‌ടറെ കാണാനെത്തിയത്.
പരന്പരക്കായി ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനായി അങ്കമാലിക്ക് വരുന്പോൾ മലയാറ്റൂർ- നീലീശ്വരത്ത് സുകന്യയുടെ സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. കൈക്കും, കാൽമുട്ടിന്റെ ചിരട്ടയുടെ താഴെയും ഗുരുതര പരിക്കേറ്റു.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡോ. സന്തോഷ് കുമാറിന്റെ അടുത്ത് എത്തുന്പോൾ ക്രീസിൽ തുടരാനാകുമോ എന്നായിരുന്നു ആശങ്ക. ചികിത്സ ആരംഭിച്ചപ്പോൾ ഡോക്‌ടർ ആശ്വാസവും ധൈര്യവും പകർന്നുനൽകി. ചികിത്സ വിജയകരമായി പൂർത്തിയാക്കി ശ്രീലങ്കയിൽ പോയി അഞ്ച് മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ച് മടങ്ങിയെത്തിയ സുകന്യ കുടുംബത്തോടൊപ്പമാണ് ആശുപത്രിയിൽ എത്തിയത്.
ചെറുപ്പംമുതലേ ക്രിക്കറ്റിൽ തൽപ്പരയാണ്. മാണിക്യമംഗലം ഓറൽ സ്കൂൾ ഫോർ ഡഫിലാണ് പ്ലസ്ടുവരെ പഠിച്ചത്. ആശുപത്രിയിലെത്തിയ സുകന്യയെ ഡോ. സന്തോഷ് കുമാർ, ഡോ. അജോ, ഡയറക്ടർ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ഫാ. സെബാസ്റ്റ്യൻ കല്ലറക്കൽ എന്നിവർ ചേർന്ന് പൂക്കൾ നൽകി സ്വീകരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മലയാറ്റൂർ കിഴക്കുംപുറത്തുകുടി സുകുമാരന്റെയും രമയുടെയും മകളാണ്. സുകന്യ കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. ഭർത്താവ് കോട്ടയം സ്വദേശി രാജേഷും മൂകബധിരനാണ്. ആത്മീയയാണ് മകൾ.










0 comments