ad
Deshabhimani

പോരാട്ടവീര്യം ചോരാതെ കെ എം എസ്​;
തൊണ്ണൂറിലും ആവേശം

K M Sudhakaran
വെബ് ഡെസ്ക്

Published on Aug 05, 2025, 03:49 AM | 1 min read

പറവൂർ

ട്രേഡ് യൂണിയൻ സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന കെ എം സുധാകരൻ ചൊവ്വാഴ്ച നവതിയുടെ നിറവിൽ. വിശ്രമജീവിതത്തിലാണെങ്കിലും പഴയ പോരാട്ടങ്ങൾ ഓർത്തെടുക്കുമ്പോൾ കെ എം എസ് എന്ന് അറിയപ്പെടുന്ന പോരാളിയുടെ മുഖത്ത് 90–-ാം വയസ്സിലും ആവേശം.



മൂത്തകുന്നം മടപ്ലാതുരുത്ത് വീട്ടിൽ മാമു–കോതക്കുട്ടി ദമ്പതികളുടെ നാലാമത്തെ മകനായി 1935ൽ ജനിച്ച കെ എം എസ് അഞ്ചാംവയസ്സിൽ നായരമ്പലത്തേക്ക് താമസംമാറി. ജീവിതസാഹചര്യങ്ങൾമൂലം ഒന്നാംഫോറത്തിനുശേഷം പഠനം തുടർന്നില്ല. ചെറുപ്പത്തിലേ ചെത്തുത്തൊഴിലാളിയായി. 1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗം. നായരമ്പലത്തെ ആദ്യ പാര്‍ടി സെല്‍ സെക്രട്ടറിയായി. 64ൽ പാര്‍ടി പിളര്‍ന്നപ്പോൾ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും പ്രവർത്തിച്ചു. കെഎസ്​കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും നിർവഹിച്ചു.



1954ലെ ട്രാൻസ്പോർട്ട് സമരം നടക്കുമ്പോൾ പ്രായം 18. വൈപ്പിനിൽ ബസ്​ തടഞ്ഞ സംഘത്തിലെ പ്രായംകുറഞ്ഞയാൾ. ഇവനൊക്കെ വളര്‍ന്നുവന്നാല്‍ വലിയ കുഴപ്പമാകുമെന്ന് പറഞ്ഞ പൊലീസുകാരൻ, കാലും തലയും കൂട്ടിപ്പിടിച്ച് നിലത്തടിച്ചു. എന്നാൽ, ആ യുവാവ്​ പിന്നെയും പോരാട്ടവീഥിയിൽതന്നെയായിരുന്നു. 1970ലെ കുടികിടപ്പുസമരത്തില്‍ തന്റെ ഭൂമിയില്‍ കൊടികുത്തിയും തേങ്ങവെട്ടിയിട്ടുമാണ് സുധാകരന്‍ അവകാശസമരം വിജയിപ്പിച്ചത്.


1993ലെ 110 ദിവസം നീണ്ട ചെത്തുത്തൊഴിലാളി പണിമുടക്ക്. കള്ള് കടത്താനുള്ള മുതലാളിയുടെ നീക്കം ശ്രദ്ധയിൽപ്പെട്ട സുധാകരന്‍ വാഹനത്തിനുമുമ്പിലേക്ക് ചാടി. ദേഹത്ത്​ വാഹനം കയറാതെ രക്ഷപ്പെട്ടത്​ തലനാരിഴയ്ക്ക്​. ഇതുപോലെ സമരപോരാട്ടങ്ങൾക്കിടയിൽ ജീവൻ രക്ഷപ്പെട്ട നിരവധി സന്ദർഭങ്ങൾ. 30 കേസുകളിൽ പ്രതിയായി. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍തടവിൽ. പരോളില്‍ എത്തിയാണ് അമ്മയുടെ സംസ്കാരത്തില്‍ പങ്കെടുത്തത്.



പാര്‍ലമെന്ററി രംഗത്തുനിന്ന്​ അകന്നുനിന്നു. കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി എന്ന ആശയം കെ എം എസിന്റെ സംഭാവനയാണ്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥയായിരുന്ന പരേതയായ ജെ പ്രഭാവതിയാണ് ഭാര്യ. മകൾ കെ എസ് ജയശ്രീയുടെ പറവൂരിലുള്ള വീട്ടിലാണ് കെ എം എസിന്റെ വിശ്രമജീവിതം. ജയൻ, ജയരാജ്, ജെയ്സി എന്നിവരാണ്​ മറ്റുമക്കൾ. മീര, സ്വപ്ന, ദിലീപ്, പരേതനായ അനിൽ എന്നിവരാണ്​ മരുമക്കൾ.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home