print edition കാതിൽ അലയടിക്കുന്നു...

ഒ വി സുരേഷ്
Published on Jul 21, 2026, 01:41 AM | 2 min read
കാലമെത്ര കഴിഞ്ഞാലും ചില ഓർമകൾക്ക് തെളിച്ചം കൂടിക്കൊണ്ടേയിരിക്കും. നട്ടുച്ചയ്‌ക്കും പാതിരാവിലും പുലർച്ചെയും എന്നുവേണ്ട, സമയവ്യത്യാസങ്ങളില്ലാതെ ലക്ഷങ്ങളുടെ കണ്‌ഠങ്ങളിൽനിന്നുയർന്ന ‘സഖാവ് വി എസ് മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ.... ’ എന്നത് ഒരൊറ്റ ശബ്ദമായി അലയടിക്കുന്നുണ്ട്.
വി എസ് എന്ന സമരസൂര്യന് വിടയേകാൻ കേരളമാകെ ഒരുമിച്ചെത്തിയ 2025 ജൂലൈ 21ന് പകൽ 3.20 മുതൽ, 23ന് രാത്രി 10ന് വലിയ ചുടുകാട്ടിലെ അഗ്‌നിനാളങ്ങൾ ഏറ്റുവാങ്ങുംവരെയുള്ള മൂന്നു ദിവസങ്ങൾ നൽകിയത് റിപ്പോർട്ടിങ് എന്ന ദൗത്യത്തിനപ്പുറം ഉള്ളുലയുന്ന നേരനുഭവങ്ങളായിരുന്നു. ജൂലൈ 22ന് ഉച്ചയ്‌ക്കുശേഷം ദേശീയപാതവഴി വിലാപയാത്ര ആലപ്പുഴയിലേക്ക് പോകാനായിരുന്നു തീരുമാനം. രാത്രി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. 23ന് ഉച്ചയ്‌ക്കുശേഷം വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം. ഇൗ സമയക്രമമൊക്കെ തെറ്റിയ ദിവസങ്ങളായിരുന്നു അത്. 22ന് പകൽ 2.20ന് തുടങ്ങി 23ന് പകൽ 12.20ന് പുന്നപ്ര പറവൂർ വടക്ക് വേലിക്കകത്ത് വീട്ടിൽ അവസാനിക്കുമ്പോൾ 22 മണിക്കൂർ കഴിഞ്ഞിരുന്നു.
സെക്രട്ടറിയറ്റിനുമുന്നിലെ നീണ്ടവരിയിൽ ഇടം കിട്ടാത്തതിനാൽ ‘ആശുപത്രിയിൽനിന്ന് വരുവാ മോനെ, ഒന്നു കണ്ടോട്ടെ’ എന്നുപറഞ്ഞ് പൊലീസിനു മുന്നിൽ കരഞ്ഞ അമ്മയുടെ ചിത്രം സെക്രട്ടറിയറ്റിന്റെ തെക്കേ കവാടത്തിനു മുന്നിലൂടെ പോകുമ്പോൾ ഇപ്പോഴും മനസ്സിലേക്കെത്തും. ചുറ്റും പരന്നൊഴുകിയ ആയിരങ്ങൾക്കിടയിലൂടെ വി എസ് എന്ന സമരനേതാവിന്റെ ആലപ്പുഴയിലേക്കുള്ള മടക്കം വീരോചിതമായിരുന്നു. കിലോമീറ്ററുകളോളം വിലാപയാത്രയ്‌ക്കൊപ്പം നടന്നുനീങ്ങിയപ്പോൾ, ജനഹൃദയങ്ങളിൽ എന്താണ് വി എസ് എന്ന് കൂടുതൽ തിരിച്ചറിഞ്ഞു. സ്വന്തം കുടുംബത്തിലൊരാളുടെ വേർപാടുപോലെ പൊട്ടിക്കരഞ്ഞവർ, ഹൃദയം നുറുങ്ങുമാറ് മുദ്രാവാക്യം വിളിച്ചവർ...
സെക്രട്ടറിയറ്റിൽനിന്ന് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ കടമ്പോട്ടുകോണംവരെയുള്ള യാത്രയ്‌ക്ക് 10 മണിക്കൂർ. കൊല്ലം പാരിപ്പള്ളിയിൽ എത്തിയത് രാത്രി 12.45ന്. കിലോമീറ്ററുകൾ മാത്രമുള്ള ചിന്നക്കടയിലെത്തുമ്പോൾ പുലർച്ചെ 3.42. ജൂലൈ 23ന്റെ ആ പുലർച്ചെ തണുപ്പിലും കാത്തുനിൽക്കുന്ന അബാലവൃദ്ധം. ഇതുവരെ അദ്ദേഹത്തെ കണ്ടിട്ടില്ലാത്ത കുട്ടികൾ മുതിർന്നവരുടെ തോളിലേറി മുദ്രാവാക്യം വിളിക്കുന്ന കാഴ്‌ച വഴിനീളെയുണ്ടായി.
വണ്ടാനത്തുനിന്ന് പറവൂർ വടക്ക് വേലിക്കകത്ത് വീട്ടിലേക്കുള്ള വഴിയിൽ ജനസാഗരത്തിനുമുന്നിൽ വാഹനത്തിന് മുന്നോട്ടുനീങ്ങാനാകാതായി.
കർഷകത്തൊഴിലാളികൾക്കും കയർത്തൊഴിലാളികൾക്കും വേണ്ടി അദ്ദേഹം നയിച്ച സമരങ്ങളുടെ ഓർമകൾ ഇരമ്പിയാർത്തതുപോലെ. കേരളത്തിന്റെ സമരനേതൃത്വമായി, നാടിന്റെ നായകനായി ഹൃദയങ്ങളിലേക്ക് പടർന്ന ആലപ്പുഴയുടെ പ്രിയപുത്രനെ അവസാനമായി കാണാൻ നെഞ്ചുലഞ്ഞുനിന്ന് നിൽക്കുകയായിരുന്നു ആയിരങ്ങൾ. പുന്നപ്ര തെക്ക് വേലിക്കകത്തുവീട്ടിനുമുന്നിലെ റോഡിൽ കിലോമീറ്ററുകളോളമായിരുന്നു ജനസാഗരം. തൊട്ടടുത്ത വീടിന്റെ ടെറസ്സിൽനിന്ന് ഐറ എന്ന കൊച്ചുകുട്ടി വിളിച്ചുകൊടുത്ത മുദ്രാവാക്യം ആവേശത്തിന്റെ അലകടൽ തീർത്തു. ഒടുവിൽ വലിയ ചുടുകാട്ടിലെ വിപ്ലവനായകർക്കരികിൽ പുന്നപ്ര സമരനായകനും അന്ത്യനിദ്ര. കാലം നിശ്‌ചലമായ മണിക്കൂറുകൾ. റിപ്പോർട്ടിങ്ങിന്റെ ചുമതലയ്‌ക്കപ്പുറമായിരുന്നു ഞങ്ങൾ ദേശാഭിമാനി വാർത്താസംഘത്തിന്റെ അനുഭവം. ചീഫ് ഫോട്ടോഗ്രാഫർ ജി പ്രമോദ്, ഫോട്ടോഗ്രാഫർ അരുൺരാജ്, റിപ്പോർട്ടർ ബിജോ ടോമി എന്നിവരായിരുന്നു ആലപ്പുഴവരെയുള്ള യാത്രയിൽ ഒപ്പം. കൊല്ലം, ആലപ്പുഴ ബ്യൂറോയിൽനിന്നുള്ളവർ അതത് ജില്ലകളിലും ചേർന്നു.










0 comments