ad
Deshabhimani

അവകാശപ്പോരാട്ടങ്ങളുടെ മുൻനിരയിൽ

K M Sudhakaran

കെ എം സുധാകരന്റെ മൃതദേഹത്തിൽ മന്ത്രി പി രാജീവ്‌, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറിമാരായ എ പി പ്രിനിൽ, ടി വി നിഥിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വി അനിത, എം കെ ബാബു എന്നിവർ ചേർന്ന്‌ പാർടി പതാക പുതപ്പിക്കുന്നു

avatar
പി കെ രവീന്ദ്രൻ

Published on Dec 29, 2025, 03:00 AM | 1 min read


വൈപ്പിൻ

ഏത്‌ പ്രതിസന്ധിയിലും തൊഴിലാളികള്‍ക്കൊപ്പം മുന്നണിപ്പോരാളിയായി ചങ്കൂറ്റത്തോടെ നിലയുറപ്പിച്ചയാളായിരുന്നു കെ എം എസ്‌ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കെ എം സുധാകരൻ. പണിയെടുക്കുന്നവന്റെ വിയർപ്പിന്റെ വില കണ്ടറിഞ്ഞ ചെത്തുതൊഴിലാളിയായാണ്‌ തുടക്കം. നിരന്തര പോരാട്ടങ്ങളിലൂടെ സംസ്ഥാനത്തെ ട്രേഡ് യൂണിയന്‍ നേതാവായി ഉയർന്നു. സര്‍ക്കാരിന്റെ വിവിധ കമീഷനുകളിലും സമരങ്ങളുടെ ഒത്തുതീര്‍പ്പുചര്‍ച്ചകളിലും തൊഴിലാളികളുടെ നീതി ഉറപ്പാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ.


അഞ്ചുവയസ്സുള്ളപ്പോള്‍, ചെത്തുതൊഴിലാളിയായ അച്ഛന്റെ ജോലിസ്ഥലമായ നായരമ്പലത്ത് കളവംപാറ വീട്ടില്‍ താമസം തുടങ്ങി. പഠിച്ചതും വളര്‍ന്നതും നായരമ്പലത്തായിരുന്നു. ​സാമ്പത്തികപ്രയാസംമൂലം അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്തി. കുറച്ചുകാലം പോസ്റ്റല്‍പഠനവും തുടര്‍ന്നു. സ്വയംപഠനത്തിലൂടെ ഇംഗ്ലീഷില്‍ സാമാന്യം വിവരം നേടി. 17 വയസ്സുള്ളപ്പോള്‍ ചെത്തുതൊഴിലാളിയായി. 1956ല്‍ മുഴുവന്‍സമയ പ്രവര്‍ത്തകനായി. പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മില്‍ ഉറച്ചുനിന്നു. വൈപ്പിന്‍ മണ്ഡലം സെക്രട്ടറിയായി വൈപ്പിനിൽ പാർടിയെ വളർത്തുന്നതിൽ മുഖ്യപങ്ക്‌ വഹിച്ചു.


​വൈപ്പിനില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് കൂലിവര്‍ധനയ്ക്കായി നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമരങ്ങളിലൂടെ സംസ്ഥാനത്ത് ആദ്യമായി ചെത്ത്, ഷാപ്പ് തൊഴിലാളികള്‍ക്ക്‌ പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റിയും നേടിക്കൊടുത്തു.


നിവേദനങ്ങളുടെയും നിരന്തര സമ്മര്‍ദങ്ങളുടെയും ഫലമായി ചെത്ത്, കള്ളുഷാപ്പ് തൊഴിലാളികള്‍ക്കായി അന്നത്തെ തൊഴില്‍മന്ത്രി മത്തായി മാഞ്ഞൂരാന്‍ ക്ഷേമനിധി ഏര്‍പ്പെടുത്തി. കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ രൂപീകരണംമുതല്‍ ബോര്‍ഡ് അംഗമായിരുന്നു. അദ്ദേഹം ക്ഷേമനിധി ബോർഡ്‌ ചെയര്‍മാനായിരിക്കെയാണ് തൊഴിലാളികള്‍ക്ക്‌ 2000 രൂപ മിനിമം വേതനവും 5000 രൂപ പെന്‍ഷനും ഏര്‍പ്പെടുത്തിയത്.


ചാരായഷാപ്പ്‌ തൊഴിലാളികളെ സംഘടിപ്പിച്ച്‌ കേരള സംസ്ഥാന മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ രൂപീകരിച്ചു. വിദേശമദ്യഷാപ്പുകൾ ബിവറേജസ്‌ കോർപറേഷൻ ഏറ്റെടുത്തപ്പോൾ തൊഴിൽ നഷ്ടമായവരെ ചേർത്ത്‌ കേരള സ്‌റ്റേറ്റ്‌ വിദേശ മദ്യവ്യവസായ തൊഴിലാളി യൂണിയൻ രൂപീകരിച്ചു. തൊഴിൽ നഷ്ടമായവരെ ബിവറേജസ്‌ കോർപറേഷൻ ജീവനക്കാരായി അംഗീകരിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിലൂ‍ടെ സർക്കാർജീവനക്കാരുടെ ശന്പളപരിഷ്‌കരണം ബിവറേജസ്‌ കോർപറേഷൻ ജീവനക്കാർക്കും നടപ്പിലാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home