95ന്റെ നിറവിൽ കെ എം ധർമൻ
നാടകം തന്നെ ജീവിതം

പള്ളുരുത്തി
മലയാള നാടകത്തിന്റെ സുവർണകാലം കീഴടക്കിയ നാടകസംവിധായകൻ കെ എം ധർമൻ 95-–-ാംവയസ്സിന്റെ നിറവിലേക്ക്. വാർധക്യത്തിലും ഉൗർജസ്വലനായ അദ്ദേഹം പുന്നപ്ര വയലാർ സമര കഥ പറയുന്ന നാടകത്തിന്റെ പണിപ്പുരയിലാണ്. 1933ൽ മാധവന്റെയും പത്മിനിയുടെയും ഏഴുമക്കളിൽ മൂന്നാമനായാണ് ജനനം. പള്ളുരുത്തിയിലെ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മോണോ ആക്ട് അവതരിപ്പിക്കാൻ ആദ്യമായി സ്‌റ്റേജിൽ കയറിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ നാടകാഭിനയത്തിലേക്ക് ചുവടുമാറ്റി. 1947ൽ കെ ശങ്കരൻ മാസ്റ്റർ എഴുതി പള്ളുരുത്തിയിൽ പ്രവർത്തിച്ച കേരള കലാസമിതി പുറത്തിറക്കിയ നാടകത്തിൽ അഭിനയിച്ചു. 1957 മുതൽ എൻ പി ജെ ആന്റണിയുടെ ശിഷ്യനായി 18 വർഷത്തോളം നാടകത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചു.
ചങ്ങനാശേരി ഗീഥ, കെപിഎസി അടക്കമുള്ള കേരളത്തിലെ ചെറുതും വലുതുമായ ഗ്രൂപ്പുകൾക്കുവേണ്ടി അഞ്ഞൂറിലേറെ നാടകങ്ങൾ സംവിധാനം ചെയ്തു. അമ്പതിലേറെ നാടകങ്ങളിൽ അഭിനയിച്ചു. കേരള സർക്കാർ സംഘടിപ്പിച്ച പ്രൊഫഷണൽ നാടകമത്സരങ്ങളുടെ വിധികർത്താവായും പ്രവർത്തിച്ചു.
വീഥി, സമ്മേളനം, ഉദയം കിഴക്കുതന്നെ, പൂർണിമ, ഏഴുരാത്രികൾ എന്നിവയാണ് പ്രിയപ്പെട്ട നാടകങ്ങൾ. 1978ൽ കൊല്ലം ഉപാസനയുടെ പൂർണിമ എന്ന നാടകത്തിനാണ് ആദ്യ അവാർഡ് ലഭിക്കുന്നത്. കലാരത്നം ഉൾപ്പെടെയുള്ള നൂറുകണക്കിന് പുരസ്കാരങ്ങൾ ലഭിച്ചു. നാടകവുമായി ഇന്ത്യയിലും വിദേശത്തും സഞ്ചരിച്ചു. അടിയന്തരാവസ്ഥക്കാലത്തും നാടകങ്ങളുമായി യാത്രകൾ നടത്തി. ധർമൻ മാഷിന്റെയടുത്ത് ഇന്നും നാടകങ്ങളെക്കുറിച്ച് പഠിക്കാനും നിരീക്ഷണങ്ങൾ നടത്താനും നിരവധി ആളുകൾ എത്തുന്നുണ്ട്. ഭാര്യ കോമളവും മകൻ പ്രദീപും പൂർണപിന്തുണയുമായുണ്ട്. 95–ാം വയസ്സിലും സജീവസാന്നിധ്യമായ കെ എം ധർമനെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഞായറാഴ്‌ച ആദരിക്കും.










0 comments