ഭാഷയും ചെറുപ്പക്കാരും തമ്മിലുള്ള അകലം വർധിക്കുന്നു: കെ ജയകുമാർ

ദേശീയ കാവ്യോത്സവത്തിനുമുന്നോടിയായി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ "കവിതയും ഗാനവും: ഭിന്നതകളുടെ സമന്വയം' വിഷയത്തിൽ കെ ജയകുമാർ പ്രഭാഷണം നടത്തുന്നു
കൊച്ചി
മലയാളഭാഷ എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളുടെ എണ്ണം കൂടുകയാണെന്നും ഭാഷയും ചെറുപ്പക്കാരും തമ്മിലുള്ള അകലം അനുദിനം വർധിക്കുകയാണെന്നും കവിയും ഗാനരചയിതാവുമായ കെ ജയകുമാർ. ജില്ലാ ലൈബ്രറി കൗൺസിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ 18 ,19, 20 തീയതിയിൽ നടത്തുന്ന ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "കവിതയും ഗാനവും: ഭിന്നതകളുടെ സമന്വയം’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു കെ ജയകുമാർ.
മലയാളഭാഷ പഠിക്കാതെ കുട്ടികൾക്ക് ഏത് ബിരുദവും ലഭ്യമാകുന്ന സ്ഥിതിയിലേക്ക് വിദ്യാഭ്യാസസമ്പ്രദായം മാറി. മറ്റു സംസ്ഥാനങ്ങളിൽ മാതൃഭാഷ പഠിക്കാതെ വിദ്യാർഥികൾക്ക് മുന്നോട്ടുപോകാൻ കഴിയില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യംവരെ ദ്വയാർത്ഥ പ്രയോഗങ്ങളിലും ശൃംഗാര വർണനകളിലും കുടുങ്ങിക്കിടന്ന പദ്യസാഹിത്യം ഉത്തമ കവിത ഗണത്തിലേക്ക് ഉയർന്നത് ആശാനെപ്പോലുള്ളവരുടെ വരവോടെയാണ്.
ആശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവർ തെളിച്ച പാതയിൽ കവിതയെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയവരാണ് ചങ്ങമ്പുഴയും ഇടപ്പള്ളിയും വൈലോപ്പിള്ളിയും ഉൾപ്പെടുന്ന തലമുറ. അവർക്ക് മികച്ച തുടർച്ചകളുണ്ടായി. പ്രായം കുറവാണെങ്കിലും മഹാകവി എന്ന് വിളിക്കാവുന്നത്ര അപാരമായ കവിത്വമുള്ളയാളാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ഇവരിലൂടെയൊക്കെ വളർന്ന മലയാള കവിതയിലേക്ക് പുതിയ തലമുറയെയും ആകർഷിക്കാൻ ദേശീയ കാവ്യോത്സവം സഹായകമാവട്ടെയെന്ന് കെ ജയകുമാർ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അധ്യക്ഷനായി.
കാവ്യോത്സവത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കുള്ള പാസിന്റെ വിതരണം എഴുത്തുകാരൻ സുസ്‌മേഷ് ചന്ദ്രോത്തിന് നൽകി ഡെപ്യൂട്ടി മേയർ വി ആർ സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവ്, കവി വേണു വി ദേശം, ജയകുമാർ ചെങ്ങമനാട്, ഇടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.










0 comments