ജുഡീഷ്യല്‍ സിറ്റിക്ക് ഭൂമി ; തടസ്സവാദവുമായി എച്ച്‌എംടി

ന്യൂഡൽഹി
കൊച്ചി കളമശേരിയിലെ നിര്‍ദ്ദിഷ്ട ജുഡീഷ്യല്‍ സിറ്റിക്കായി സർക്കാർ 27 ഏക്കര്‍ ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എച്ച്‌എംടി സുപ്രീംകോടതിയിൽ. ഉയർന്ന നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. വിപണി മൂല്യത്തിനനുസരിച്ച് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഏറ്റെടുക്കലെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിക്കാനിരിക്കെയാണ് തടസവാദം.
എച്ച്‌എംടി ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ 2014ലെ ഉത്തരവിനെതിരെ സർക്കാർ 2016ൽ അപ്പീൽ നൽകി. 2014ലെ അടിസ്ഥാന മൂല്യനിർണയ റിപ്പോർട്ട് അനുസരിച്ചുള്ള നഷ്‌ടപരിഹാരം ഹൈക്കോടതി രജിസ്‌ട്രാർ വഴി നൽകാമെന്നും സർക്കാർ അറിയിച്ചു. പൊതുമേഖലാ വ്യവസായത്തിനായാണ് സർക്കാർ ഭൂമി എച്ച്‌എംടിക്ക് വിട്ടുനൽകിയത്. ഇതുപയോഗിക്കാതിരുന്നതോടെ 400 ഏക്കർ തിരിച്ചുപിടിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് തടസമായി. 2023ൽ മുഖ്യമന്ത്രിയും ചീഫ് ജസ്‌റ്റിസുമായി നടത്തിയ ചർച്ചയിലാണ് ജുഡീഷ്യൽ സിറ്റിയിൽ തീരുമാനമെടുത്തത്.










0 comments