ad
Deshabhimani

സ്വകാര്യ ബസും ടോറസും 
കൂട്ടിയിടിച്ച് 36 പേർക്ക് പരിക്ക്

Injured

ആലുവ എട്ടേക്കർ എസ്ഒഎസിനുസമീപം അപകടത്തിൽ തകർന്ന ബസ് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു

വെബ് ഡെസ്ക്

Published on May 12, 2026, 01:08 AM | 1 min read

ആലുവ

ആലുവ–കിഴക്കമ്പലം റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 36 പേർക്ക് പരിക്ക്. 32 പേരെ ആലുവ രാജഗിരി ആശുപത്രിയിലും നാലുപേരെ കാർമൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കൾ പകൽ 2.45ന് എട്ടേക്കർ എസ്ഒഎസിന് സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ബസ് യാത്രക്കാരി കോഴിക്കോട് കോടഞ്ചേരി സ്വദേശി ഐശ്വര്യ മണി (28) വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഐശ്വര്യയുടെ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റു. വലത് കാലിനും ഗുരുതര പരിക്കുണ്ട്. വലതുകാലിനും നടുവിനും ഗുരുതര പരിക്കേറ്റ പഴങ്ങനാട് സ്വദേശി ജെസ്മയെ (24) അടിയന്തര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ രാമമംഗലം സ്വദേശി ഏലിയാമ്മ (86) സർജിക്കൽ ഐസിയുവിലാണ്.


ബസ്ഡ്രൈവർ പള്ളിക്കര പള്ളിമോളത്ത് പ്രസാദിന് (39) തലയ്ക്കും കൈക്കും പരിക്കേറ്റു. ആലുവയിൽനിന്ന് പുക്കാട്ടുപടിയിലേക്ക്‌ പോകുകയായിരുന്ന സെന്റ് തോമസ് ബസാണ് എതിർദിശയിൽ ലോഡുമായി വരികയായിരുന്ന ടോറസിൽ ഇടിച്ചത്.


ലോറിയുടെ ഡ്രൈവർക്യാബിനുപിന്നില്‍ സൈഡ് ബോഡിയിലാണ് ബസിന്റെ മുൻവശം ഇടിച്ചത്. ബസിന്റെ മുൻവശം പൂർണമായും തകർന്നു. ആലുവ അഗ്നിരക്ഷാസേന എത്തി ക്രെയിനിന്റെ സഹായത്തോടെയാണ് ബസ് റോഡിൽനിന്ന് മാറ്റിയത്. പൊലീസ്, അഗ്നിരക്ഷാസേന, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തി. എടത്തല പൊലീസ് കേസെടുത്തു. അപകടത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇടുങ്ങിയ റോഡും വളവും ഇറക്കവുമുള്ള ഈ പ്രദേശത്ത് മുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്‌. അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ സ്പീഡ് ബ്രേക്കറുകളും അപകടസിഗ്നലും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home