സർക്കാർ ഭൂമിയിലെ അനധികൃത നിർമാണം സിപിഐ എം തടഞ്ഞു

ഇടപ്പള്ളി ടോളിലെ നാളികേര വികസന കോർപറേഷൻ ഭൂമിയിൽ നടത്തുന്ന അനധികൃത നിർമാണം സിപിഐ എം പ്രവർത്തകർ തടഞ്ഞപ്പോൾ
കളമശേരി
ഇടപ്പള്ളി ടോളിൽ സംസ്ഥാന നാളികേര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ അനധികൃത നിർമാണം സിപിഐ എം തടഞ്ഞു. പാർക്കിങ്, കഫെറ്റീരിയ എന്നിവ നടത്താനാണ് വ്യക്തി 11 മാസത്തേക്ക് സ്ഥലം വാടകക്കെടുത്തത്. ഇവിടെ ഒരുകോടിയിലേറെ രൂപ മുടക്കിയാണ് നിർമാണം നടക്കുന്നത്.
പെർമിറ്റൊ മറ്റനുമതികളൊ ഇല്ലാതെ സർക്കാർ ഭൂമിയിൽ വ്യക്തി നടത്തുന്ന അനധികൃത നിർമാണം നിർത്തിവയ്‌ക്കാനും നിർമിച്ച ഭാഗം പൊളിച്ചുമാറ്റാനും ആവശ്യപ്പെട്ട് കളമശേരി നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനെതിരെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ച വാടകക്കാരൻ സ്റ്റേയുടെ മറവിൽ നിർമാണം പുനരാരംഭിച്ചു. ഇതിനെതിരെ കളമശേരി നഗരസഭ കളമശേരി പൊലീസിൽ പരാതി നൽകുകയും കഴിഞ്ഞ ദിവസം പൊലീസ് നിർമാണം തടയുകയുമായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ വീണ്ടും നിർമാണവുമായി വാടകക്കാരൻ മുന്നോട്ടു പോയി.
ഇതിനിടെയാണ് സിപിഐ എം കളമശേരി സെൻട്രൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സ്ഥലത്തെ നിർമാണം തടഞ്ഞത്. ഏരിയ കമ്മിറ്റി അംഗം വി എ സക്കീർ ഹുസൈൻ, ലോക്കൽ സെക്രട്ടറി ബിജു മോഹൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ ടി മനോജ് എന്നിവർ നേതൃത്വം നൽകി.










0 comments