ഇലഞ്ഞിയിൽ ജനം വലഞ്ഞു

-ഇലഞ്ഞി പഞ്ചായത്തിലെ മൂന്നാം വാർഡിലെ റോഡ് തകർന്ന നിലയിൽ
എൽദോ ജോൺ
Published on Nov 02, 2025, 01:45 AM | 1 min read
കൂത്താട്ടുകുളം
സർക്കാർ നൽകിയ പദ്ധതിവിഹിതത്തിൽ നാലിലൊന്നുപോലും ചെലവഴിക്കാനാകാത്ത കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് ഇലഞ്ഞിയിലെ യുഡിഎഫ് ഭരണസമിതിക്ക്. റോഡുകൾ ഉൾപ്പെടെയുള്ള നിർമാണമേഖലയിൽ വെറും 16 ശതമാനം ഫണ്ട് മാത്രമാണ്
കഴിഞ്ഞ സാമ്പത്തികവർഷം ചെലവഴിച്ചത്. കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ മേഖലകളിലെ ക്ഷേമപദ്ധതിയും നടപ്പാക്കുന്നില്ല. സിപിഐ എം നിവേദനം നൽകി കൊണ്ടുവന്ന കാർഷിക വിപണിക്ക് അടിസ്ഥാനസൗകര്യം ഒരുക്കിയില്ല. ഇതുവഴി അഗ്രോ സർവീസ് സെന്റർ പ്രവർത്തനം തടഞ്ഞു. എസ്-സി കുടുംബങ്ങളുടെ കുടിവെള്ളപദ്ധതി പഞ്ചായത്ത് അട്ടിമറിച്ചതോടെ പ്രദേശമാകെ പ്രതിഷേധത്തിലാണ്. സർക്കാർ അനുവദിച്ച 44 കോടിയുടെ ജൽജീവൻ പദ്ധതിയും അട്ടിമറിച്ചു. 10 ശതമാനം പണികൾപോലും പൂർത്തിയാക്കാനായില്ല. ഒരുവർഷമായി അവലോകനയോഗവും ചേർന്നിട്ടില്ല.
മുത്തോലപുരം പഴം പച്ചക്കറി സംഭരണ സംസ്കരണശാല ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പള്ളത്തുകുഴി– പെരുമ്പടവം റോഡ് കുത്തിപ്പൊളിച്ച് ഇട്ടിട്ട് ഒന്നരവർഷമായി. യുവാക്കളുടെ സ്വപ്നമായ കളിസ്ഥലം യാഥാർഥ്യമാക്കാനും ഇടപെട്ടില്ല. സിപിഐ എം നിവേദനം നൽകിയതിനെ തുടർന്ന് ജലവിഭവമന്ത്രി എംവിഐപി സ്ഥലം മൈതാനമായി അനുവദിച്ചു. ഇത് സ്വന്തംനേട്ടമായി കാണിച്ച് ഫ്ലക്സ് ബോർഡ് വച്ച ഭരണസമിതി, മൈതാനത്തിന് സ്വന്തം പദ്ധതിവിഹിതം നൽകിയില്ല. ലൈഫ് ഭവനപദ്ധതി മുടങ്ങി. പത്താം വാർഡിൽ ഭൂ–ഭവനരഹിതർക്ക് വീട് നിർമിക്കാൻ അഞ്ചുവർഷംമുമ്പ് നൽകിയ സ്ഥലത്ത് ഇതുവരെയും വീട് അനുവദിച്ചിട്ടില്ല. മണ്ണെടുക്കലിനടക്കം അനുവാദം നൽകി അഴിമതിക്ക് കുട പിടിക്കുകയാണ് പഞ്ചായത്ത്. കുരുമലയുടെ വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്തിയില്ല.










0 comments