സംസാര, കേൾവി പരിമിതന് മർദനം ; 4 പേർ പിടിയിൽ , ഹണിട്രാപ്പ് എന്ന് സംശയം

സഫാന ഷുക്കൂർ, അമൽ വേണുഗോപാൽ, ജോൺ രാഹുൽ, ആനന്ദ് മുരുകൻ
കൊച്ചി
സംസാര, കേൾവി പരിമിതനായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സ്‌ത്രീ ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിൽ. പറവൂർ കുത്തിയതോട് സ്വദേശിനി സഫാന ഷുക്കൂർ (27), തൃപ്പൂണിത്തുറ സ്വദേശി അമൽ വേണുഗോപാൽ (32), വൈറ്റില സ്വദേശി ജോൺ രാഹുൽ (23), മരട് സ്വദേശി ആനന്ദ് മുരുകൻ (29) എന്നിവരാണ് പിടിയിലായത്. 22ന് വൈകിട്ട് 6.30ന് കടവന്ത്ര മനോരമ ജങ്ഷനുസമീപത്തെ ക്രൌൺ സ്യൂട്ട് ലോഡ്‌ജിലാണ് സംഭവം നടന്നത്. 30 വയസ്സുള്ള യുവാവാണ് പരാതിക്കാരൻ. ആശുപത്രിയിൽ ചികിത്സതേടിയ യുവാവ് വീട്ടിൽ വിശ്രമത്തിലാണ്.
യുവാവിനെ മുറിയിൽ തടങ്കലിൽവച്ച് വിവസ്‌ത്രനാക്കി മാരകായുധങ്ങളുമായി മർദിച്ചുവെന്നാണ് കേസ്. പണം തട്ടാനുള്ള ഉദ്ദേശ്യം പ്രതികൾക്ക് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഫുഡ് ഡെലിവറി ബോയിയായ യുവാവ് ഏതാനും മാസങ്ങൾക്കുമുന്പാണ് കൊച്ചിയിലെത്തിയത്. ശ്രവണ സംസാര വൈകല്യമുണ്ടെങ്കിലും ഇൻസ്റ്റഗ്രാമിൽ സജീവമായ ഇയാൾ സഫാനയുമായി സൗഹൃദത്തിലാകുകയായിരുന്നു. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറ്റിയ സഫാന യുവാവിനെ ലോഡ്ജിലേക്ക് ക്ഷണിച്ചുവരുത്തി. സമീപത്തെ മുറിയിലുണ്ടായിരുന്ന സഫാനയുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് അവശനാക്കിയശേഷം പ്രതികൾ കടന്നുകളഞ്ഞു. ചൊവ്വ വൈകിട്ട് പരിഭാഷകന്റെ സഹായത്തോടെ സ്റ്റേഷനിലെത്തിയാണ് യുവാവ് സംഭവങ്ങൾ വെളിപ്പെടുത്തിയത്.
ഒളിവിലുള്ള പ്രതിയുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. യുവതിയൊഴികെ മറ്റു പ്രതികൾക്കെല്ലാം ലഹരി, അടിപിടി, കൊലപാതകശ്രമം അടക്കമുള്ള കേസുണ്ട്.
സഫാന, അമൽ എന്നിവരെ കാക്കനാട് വാഴക്കാല വേവ്സ് ലോഡ്ജിൽനിനിന്നും ജോൺ രാഹുലിനെ വൈറ്റിലയിലെ വീട്ടിൽനിന്നും ആനന്ദ് മുരുകനെ ചോറ്റാനിക്കരയിലെ വാടകവീട്ടിൽനിന്നുമാണ് കടവന്ത്ര പൊലീസ് പിടികൂടിയത്. എസിപി രാജൻ കെ അരമനയുടെ നേതൃത്വത്തിൽ കടവന്ത്ര ഇൻസ്പെക്ടർ കെ എം മഹേഷ് കുമാർ, എസ്‌ഐ സിബി ടി ദാസ്, പ്രൊബേഷൻ എസ്‌ഐ ഹരീഷ് കുമാർ, എഎസ്ഐമാരായ ഐസിമോൾ, രതീഷ് കുമാർ, എസ്‌സിപിഒമാരായ ടോബിൻ, ടി എസ് ഷിബു, പി എസ് മനു, ഷിബുരാജ്, അനീഷ്, പ്രശാന്ത്, സിപിഒമാരായ കെ ആർ രാജേഷ്, ജിതിൻ സദാനന്ദൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.










0 comments