എച്ച്എംടി പ്രതിസന്ധി: ടി പി രാമകൃഷ്‌ണന് യൂണിയൻ നിവേദനം നൽകി

കളമശേരി
കേന്ദ്രസർക്കാർ അവഗണനയിൽ പ്രതിസന്ധിയിലായ എച്ച്എംടി കളമശേരി യൂണിറ്റ് നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമാക്കി സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന് എച്ച്എംടി എംപ്ലോയീസ് യൂണിയൻ നിവേദനം നൽകി. ജീവനക്കാർക്ക് മൂന്നുമാസമായി ശമ്പളം ലഭിക്കാത്ത സാഹചര്യം നിലനിൽക്കെ കനത്ത വൈദ്യുതി കുടിശ്ശികയെത്തുടർന്ന് കഴിഞ്ഞദിവസം വൈദ്യുതി വിച്ഛേദിച്ചിരുന്നു.
കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ആഗസ്‌തിൽ കളമശേരി യൂണിറ്റ് സന്ദർശിച്ച് പുനരുദ്ധാരണ പാക്കേജ് വാഗ്ദാനം ചെയ്‌തിരുന്നു. എന്നാൽ, പ്രശ്നങ്ങൾ സങ്കീർണമായതല്ലാതെ പരിഹാരശ്രമങ്ങളൊന്നുമുണ്ടായില്ല. സംസ്ഥാനത്തെ പ്രധാന ഖനവ്യവസായമെന്ന നിലയിൽ സിഐടിയു ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. പ്രശ്നം വിശദമായി പഠിക്കുമെന്നും അഖിലേന്ത്യാ സമ്മേളനം കഴിഞ്ഞ ഉടനെ കമ്പനി സന്ദർശിക്കുമെന്നും പ്രസിഡന്റ് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം ജി അജി, എച്ച്എംടി എംപ്ലോയീസ് യൂണിയൻ ജോയിന്റ് സെക്രട്ടറിമാരായ ദാൽ ഡി കരിയാട്ടി, എസ് ഷിബു തുടങ്ങിയവരാണ് നിവേദനം നൽകിയത്.










0 comments