ad
Deshabhimani

അവസാന ബസും ഓട്ടം നിർത്തി

ഇനിയില്ല എച്ച്എംടി ബസ്

HMT bus

കുട്ടികൾ എച്ച്എംടി കമ്പനി ബസിൽ കയറുന്നു (ഫയൽ ചിത്രം)

avatar
കെ പി വേണു

Published on Aug 03, 2026, 12:33 AM | 1 min read

കളമശേരി

എച്ച്എംടി കളമശേരി യൂണിറ്റിൽ ജീവനക്കാരെ ജോലിക്കെത്തിക്കുന്നതിന് 60 വർഷമായി ഓടിയിരുന്ന അവസാന കന്പനി ബസും ഓട്ടം അവസാനിപ്പിച്ചു. ആഗസ്‌ത്‌ ഒന്നിന്‌ അവസാന ബസും നിർത്തലാക്കിയതോടെ മാസങ്ങളായി ശമ്പളം മുടങ്ങിയ ജീവനക്കാരുടെയും കരാർ തൊഴിലാളികളുടേയും യാത്ര ദുരിതത്തിലായി.


​1964 ൽ കമ്പനി തുടങ്ങിയപ്പോൾ തേവരയിൽ നിന്നും ആലുവ യുസി കോളേജ് ഭാഗത്തു നിന്നും രണ്ടു ബസുകളാണ്‌ ആദ്യം ഉണ്ടായിരുന്നത്‌. പിന്നീട് എട്ട് ബസുകളായി. ജീവനക്കാരുടെ ആവശ്യം പരിഗണിച്ച്‌ സ്വന്തം ബസുകൾക്ക് പുറമെ എട്ട് സ്വകാര്യ ടൂറിസ്റ്റ് ബസുകൾ കൂടി കരാറടിസ്ഥാനത്തിൽ ഓടിച്ചു. ആകെ 16 ബസുകൾ ജില്ലയുടെ വിവിധ അതിർത്തി പ്രദേശങ്ങളിൽ നിന്ന് കമ്പനിയിലേക്ക് ജീവനക്കാരെ എത്തിച്ചു. മൂന്നു ഷിഫ്റ്റുകളിൽ പാസെടുത്തവർക്കാണ് യാത്ര അനുവദിച്ചിരുന്നത്‌. ജീവനക്കാരുടെ മക്കളെ സ്‌കൂളുകളിൽ എത്തിക്കാനും ഇ‍ൗ ബസുകൾ ഓടിയിരുന്നു. അങ്കമാലി, പെരുമ്പാവൂർ, പറവൂർ, തൃപ്പൂണിത്തുറ, തോപ്പുംപടി, ഫോർട്ട്‌ കൊച്ചി, തേവര, ആലപ്പുഴ ജില്ലയിലെ അരൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം കമ്പനിയിലേക്കും തിരിച്ചും വിവിധ ട്രിപ്പുകളായി നിരന്തരം സർവീസ്‌ നടത്തി.


​1990കൾ വരെ എച്ച്എംടി ഭാഗത്തേക്ക്‌ എത്തി ചേരണമെങ്കിൽ കമ്പനി ബസിനെ തന്നെ ആശ്രയിക്കണമായിരുന്നു. ക്വാർട്ടേഴ്‌സിൽ താമസിക്കുന്നവർക്കും എച്ച്എംടി കോളനിയിലുള്ളവർക്കും യാത്ര ചെയ്യുന്നതിന് രാവിലെ ആറുമുതൽ രാത്രി 10.30 വരെ സൗത്ത് കളമശേരി, നോർത്ത് കളമശേരി എന്നിവിടങ്ങളിലേക്കും തിരിച്ചും കൃത്യ ഇടവേളകളിൽ ട്രിപ്പുകൾ ക്രമീകരിച്ചിരുന്നു. നിരനിരയായി പോകുന്ന നീലച്ചായമടിച്ച അശോക് ലൈലാൻഡ് എച്ച്എംടി ബസുകൾ പഴമക്കാരുടെ ഓർമയിൽ ഇപ്പോഴുമുണ്ട്. 'ഉഷ ബസ്' കമ്പനിക്കായിരുന്നു 25 വർഷത്തിലധികം കരാർ. കലാ സാംസ്കാരിക പരിപാടികൾക്കും കായിക മത്സരങ്ങൾക്കും കമ്പനി ബസിലായിരുന്നു ജീവനക്കാരുടെ യാത്ര.


കാലാവധി കഴിഞ്ഞതോടെ ​2003ൽ കമ്പനി ബസുകൾ പൂർണമായും ഒഴിവാക്കി. പിന്നീട് സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് ഉപയോഗിച്ചിരുന്നത്.

ജീവനക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ 2018മുതൽ ബസുകളുടെ എണ്ണവും കുറച്ചു. ഏഴ് ടെമ്പോ ട്രാവലറുകളിലായി യാത്രാസംവിധാനം ചുരുങ്ങി. ശനിയാഴ്ച മുതൽ അതും അവസാനിച്ചു. ഇതോടെ ഷഷ്ടിപൂർത്തി പിന്നിട്ട എച്ച്എംടി കമ്പനിയിൽ അവശേഷിക്കുന്ന തൊഴിലാളികൾക്ക് കമ്പനിയുടെ യാത്രാ സംവിധാനം ഇല്ലാതെയായി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home