അയവില്ലാത്ത അനിശ്ചിതത്വത്തിനിടയിൽ എച്ച്എംടിക്ക് ഷഷ്ടിപൂർത്തി

കളമശേരി
നിലനിൽപ്പുതന്നെ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടയിൽ എച്ച്എംടി കളമശേരി യൂണിറ്റിന് ഇന്ന് ഷഷ്ടിപൂർത്തി ദിനം. നാലാമത്തെ എച്ച്എംടി യൂണിറ്റ് 1966 ജൂലൈ ഒന്നിനാണ് കളമശേരിയിൽ ഉദ്ഘാടനം ചെയ്തത്.
1953 ലാണ് ബംഗളൂരു ആസ്ഥാനമായി ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്‌എംടി) സ്ഥാപിതമാകുന്നത്. രാജ്യത്തിന്റെ വ്യവസായവൽക്കരണത്തിൽ എച്ച്എംടിയുടെ സംഭാവന വലുതാണ്. 1966ൽ ആഭ്യന്തര ഉൽപ്പാദനത്തിന്റെ പകുതിയും ഉൽപ്പാദിപ്പിക്കുന്നതരത്തിൽ കമ്പനി വളർന്നു. തുടർന്ന് ഉദാരവൽക്കരണ നയങ്ങളും കേന്ദ്ര സർക്കാർ നിലപാടുകളും കമ്പനിയുടെ വളർച്ചയെയും വികസനത്തെയും തടസ്സപ്പെടുത്തി.
2024-–25ൽ ഇന്ത്യയിൽ 14,500 കോടി രൂപയുടെ മെഷീൻ ടൂൾസ് ഉൽപ്പാദനവും 31,700 കോടി രൂപയുടെ ഉപഭോഗവുമാണ് കാണിക്കുന്നത്. എന്നാൽ, മനുഷ്യവിഭവശേഷി, പ്രവർത്തനമൂലധനം എന്നിവയുടെ കുറവ് എച്ച്എംടിയെ പുറകോട്ട് വലിക്കുന്നു. മൂന്നു വർഷംമുന്പുവരെ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചിരുന്നെങ്കിലും പ്രവർത്തന മൂലധനമില്ലാത്തതുകൊണ്ട് നിലവിൽ കടുത്ത ഉൽപ്പാദന പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. ശന്പളം കിട്ടാത്തതിനാൽ കരാർത്തൊഴിലാളികൾ ജോലി ഉപേക്ഷിച്ചുപോകുകയാണ്. മുന്നൂറോളം കരാർ ജീവനക്കാർ ഉണ്ടായിരുന്നത് നൂറിൽ താഴെയായി. കാന്റീൻ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട മേഖലകളിൽ വിദഗ്‌ധ തൊഴിലാളികളുടെ കുറവും എച്ച്എംടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
നിലവിൽ കമ്പനിക്ക് 52 കോടി രൂപയുടെ ഓർഡറുണ്ട്. എങ്കിലും സാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്നതിനാൽ പ്രവർത്തനമാരംഭിക്കാനാകുന്നില്ല. ലോകോത്തര വിദേശകമ്പനികളിൽനിന്ന് ലഭിക്കുന്ന ഓർഡറുകൾപോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുപോലും മാനേജ്മെന്റ് കൂസലില്ലാതെ മൗനം തുടരുകയാണ്.











0 comments