ad
Deshabhimani

സ്വീഡിഷ് കോട്ട തകർത്ത് ഫ്രഞ്ച്‌ പട

Kylian Mbappe eludes Sweden

എംബാപ്പെയുടെ മുന്നേറ്റം | PHOTO: AFP

avatar
നിധിൻ രാജു

Published on Jul 01, 2026, 08:17 AM | 2 min read

ഫുട്ബോൾ ഒരു യുദ്ധമാണെങ്കിൽ, അതിൽ പ്രയോഗിക്കാനാവുന്ന ഏറ്റവും മൂർച്ചയേറിയ ആയുധം തങ്ങളുടെ പക്കലുണ്ടെന്ന് ഫ്രാൻസ് ഒരിക്കൽക്കൂടി തെളിയിച്ച മത്സരം. കളിക്കളത്തിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ തീപടർന്ന അനുപമരാത്രി. ന്യൂയോർക്കിന്റെ മണ്ണിൽ, തങ്ങളുടെ ജൈത്രയാത്ര തുടരാനെത്തിയ ‘ലെ ബ്ലൂസ്' സിരകളിൽ അഗ്നിപടർത്തുന്ന ആക്രമണ ഫുട്ബോളിന്റെ വിശ്വരൂപമാണ് പുറത്തെടുക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ സമ്പൂർണ്ണാധിപത്യത്തിന്റെ കരുത്തുമായെത്തിയ ഫ്രാൻസിന് മുന്നിൽ, മികച്ച മൂന്നാം സ്ഥാനക്കാരുടെ ആത്മവിശ്വാസവുമായെത്തിയ സ്വീഡന് കളിമറന്ന് നിൽക്കാനേ സാധിച്ചുള്ളൂ.





നോർവേയ്‌ക്കെതിരെ ആധികാരിക വിജയം നേടിയ ഇലവണിൽനിന്നും നാല് മാറ്റങ്ങളുമായി 4-2-3-1 ഫോർമേഷനിലാണ് ദെഷാംപ്സ് തന്റെ ടീമിനെ ഇറക്കുന്നത്. 3-4-3 എന്ന ഫോർമേഷനാണ്‌ സ്വീഡൻ അടിസ്ഥാനമായി സ്വീകരിച്ചത്‌.


സ്വീഡന്റെ ടച്ചോടെ മത്സരത്തിന്‌ കിക്കോഫാകുന്നു. കളിതുടങ്ങിയതു മുതൽ ഇടതടവില്ലാത്ത ആക്രമണമാണ്‌ ഫ്രഞ്ച്‌ പട അഴിച്ചുവിടുന്നത്‌. ഇരുപതാം മിനിറ്റിൽ സ്വീഡിഷ് പ്രതിരോധത്തെ പിളർത്തി എംബാപ്പെ വലചലിപ്പിക്കുന്നുണ്ടെങ്കിലും തൊട്ടുപിന്നാലെ ഓഫ്‌സൈഡ് ഫ്ലാഗ് ഉയർന്നു. എങ്കിലും ഇത്‌ തന്റെ ദിവസമാണെന്ന സൂചന, എംബാപ്പെ അതിനോടകം തന്നെ സ്വീഡിഷുകാർക്ക്‌ കൈമാറിക്കഴിഞ്ഞിരുന്നു. എംബാപ്പെ, ഡെംബലെ, ഒലിസ, ബാർകോള, റാബിയോട്ട്... ഫ്രഞ്ച് പടയുടെ പീരങ്കികളിൽ നിന്ന് ഇടതടവില്ലാതെ വെടിയുണ്ടകൾ ഉതിർത്തു കൊണ്ടേയിരുന്നു. സ്വീഡൻ ചിത്രത്തിലേയില്ല.!!

ഒഫെൻസിവ് ബിൽഡപ്പുകളിലെ വേഗതയാണ് ഫ്രാൻസിന്റെ ആയുധപ്പുരയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം. അത് സ്വീഡന്റെ ശരീരമാകെ പ്രയോഗിക്കപ്പെട്ടു. സ്വീഡന്റെ ലോകകപ്പ് സ്വപ്‌നങ്ങൾ മുറിഞ്ഞു, അതിലൂടെ ചോരവാർന്നു.


വന്നവരും പോയവരുമെല്ലാം ഗോളിന് ഉന്നംപിടിച്ചു. വലയിലേക്കെന്ന് തോന്നിച്ച പല ഷോട്ടുകളും നിർഭാഗ്യത്തിന്റെ പോസ്റ്റിൽ തട്ടിച്ചിതറി. അതിലേറെ ഗോൾ കീപ്പർ വിഡെൽ സെറ്റർസ്ട്രോം കുത്തിയകറ്റി. ഒലിസയുടെയൊരു മനോഹരമായ ബൈസിക്കിൾ കിക്കും പോസ്റ്റിൽ തട്ടി മടങ്ങിയവയുടെ കൂട്ടത്തിലുണ്ട്‌.


മത്സരം പുരോഗമിച്ച മാത്രയിൽ 3–-4–-2–-1 ഫോർമേഷനിൽനിന്ന് 5–-4–-1ന്റെ ഡിഫെൻസിവ് ഷേപ്പിലേക്ക്‌ സ്വീഡൻ പരിവർത്തനപ്പെടുന്നുണ്ട്‌. പ്രതിരോധം കോംപാക്റ്റാണ്, ഗോൾമുഖം ക്രൗഡഡാണ്.. ബോക്സിന് മുന്നിൽ അവർ മനുഷ്യമതിൽ തന്നെ തീർത്തിരുന്നു. എന്നാൽ ഫ്രഞ്ച് പടയുടെ പന്തടക്കത്തിനും വേഗത്തിനും മുന്നിൽ ഇഷ്ടിക ഒന്നൊന്നായി ഇളകി, ഒടുവിൽ മതിലൊന്നാകെ നിലംപൊത്തി. ഫ്രഞ്ച് മുന്നേറ്റത്തിന്റെ വേഗത്തിന് മുന്നിൽ സ്വീഡിഷുകാർ കളിമറന്നു നിന്നു.


നിർഭാഗ്യം കൊണ്ടുമാത്രം ഗോളാകാതെപോയ അര ഡസനോളം അവസരങ്ങൾക്കൊടുവിൽ ആദ്യ പകുതിയുടെ പരിക്കുസമയത്ത് ‘കിടിലൻ' എംബാപ്പെ ആദ്യ വെടിപൊട്ടിച്ചു.


ഷോട്ട്‌ കോർണറിൽനിന്നുള്ള തുടർച്ചയിൽ ബോക്സിനുള്ളിൽ എംബാപ്പെക്ക്‌ പന്ത് ലഭിക്കുന്നു. പ്രതിരോധത്തിന്റെ വെല്ലുവിളിയെ വെട്ടിയൊഴിഞ്ഞ് പോസ്റ്റിന്റെ വലത്തേമൂലയിലേക്കാണ്‌ ആ വെടിയുണ്ട പതിയുന്നത്‌. ചലനമറ്റവനെപ്പോലെ നോക്കിനിൽക്കാനെ സെറ്റർസ്ട്രോമിന് കഴിയുന്നുള്ളൂ‍. പകുതിക്ക് പിരിയുമ്പോൾ സ്കോർ 1-–0!


ഗോൾ വീണതോടെ സ്വീഡന് തിരിച്ചടിക്കുകയല്ലാതെ മറ്റ് ഓപ്‌ഷനുകളില്ല. രണ്ടാം പകുതിയിൽ അവർ മതിൽ പൊളിച്ച് ആക്രമിക്കാനായി മുന്നോട്ട് കയറുന്നു. എന്നാൽ മൂർച്ചകുറഞ്ഞ മുന്നേറ്റങ്ങളൊക്കെയും ഫ്രാൻസുകാർ മുളയിലേ നുള്ളുന്നു. എതിർപകുതിയിൽനിന്ന് സ്വീഡന് പന്ത് നഷ്ടമാകുമ്പോൾ ഫ്രഞ്ച് പടയുടെ ക്വിക്ക് കൗണ്ടറുകളാണ് വരുന്നത്.


മത്സരത്തിന്റെ 53–ാം മിനിറ്റിൽ രണ്ടാം ഗോൾ പിറക്കുന്നു. സ്വീഡന്റെ മുന്നേറ്റത്തെ മധ്യമേഖലയിൽ ചൗമേനി ഇന്റർസെപ്‌റ്റ്‌ ചെയ്യുന്നു. ശേഷം പന്ത് ഒലീസെയ്ക്ക് കൈമാറുന്നു. സ്വീഡിഷ് പ്രതിരോധക്കാരന്റെ കാലുകൾക്കിടയിലൂടെ ‘നട’യിട്ട്‌ പന്ത്‌ നേരെ ബോക്സിനുള്ളിലുണ്ടായിരുന്ന ബാർക്കോളയിലേക്ക്. പന്ത് നിയന്ത്രിച്ചശേഷം, സെറ്റർസ്ട്രോമിനെ കാഴ്ചക്കാരനാക്കി ബാർക്കോള രണ്ടാം അസ്‌ത്രം തൊടുക്കുന്നു. അത്‌ സ്വീഡീഷ്‌ നെഞ്ചിൽ ഉ‍ൗക്കോടെ തറയ്ക്കുന്നു.


പിന്നീടങ്ങോട്ട്‌ എംബാപ്പെയുടെ കൊള്ളിയാൻ ചലനങ്ങളും ഇടിവെട്ട് ഷോട്ടുകളും സ്വീഡിഷ് കോട്ടയുടെ അടിത്തറയിളക്കി.

ഫ്രാൻസിന്റെ കൗണ്ടർ അറ്റാക്കിങ് ഗെയിമിന് സ്വീഡന്റെ പക്കൽ മരുന്നുണ്ടായിരുന്നില്ല. ഇടത്തുനിന്നും വലത്തുനിന്നും നടുവിൽനിന്നുമെല്ലാമുള്ള വെടിയുണ്ടകൾ സെറ്റർസ്ട്രോമിനെ വിഷമവൃത്തത്തിലാക്കി.


74–ാം മിനിറ്റിൽ എംബാപ്പെ അടുത്ത വെടിയുതിർക്കുന്നു. പ്രതിരോധപ്പൂട്ടിലെ ചെറിയൊരു വിടവിലൂടെ ഒലീസെയുടെയൊരു പാസ് വരുന്നു. പിന്നെല്ലാം എംബാപ്പെ സ്‌റ്റൈൽ. പോസ്റ്റിന്റെ ഫാർ എൻഡിലേക്ക്‌ ഒരു ക്ലിനിക്കൽ ഫിനിഷ്‌.





ആകെ 25 ഷോട്ടുകളാണ് ഫ്രാൻസ് ഗോളിലേക്ക് തൊടുക്കുന്നത്. അതിൽ പതിമൂന്ന് ഓൺ ടാർഗറ്റ്.!


കളി സമയത്തിന്റെ അവസാന ഘട്ടത്തിൽ സ്വീഡൻ ചില ഒറ്റപ്പെട്ട ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അവയൊന്നും മത്സരഫലത്തെ ബാധിക്കുന്നതേയില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ

ഫ്രാൻസ് 3, സ്വീഡൻ 0.


മുൻ ചാമ്പ്യന്മാർ അനായാസേന പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home