വിവാഹവാർഷികം രണ്ടുദിവസം മുൻപ്; വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

വിഘ്നേശ്വരി
കോവളം: യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹ്യാരോഗ്യകേന്ദ്രത്തിനുസമീപം പൊടിയണിവിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ സ്വദേശികളായ നാഗരാജന്റെയും കലയുടെയും മകളാണ്.
സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. ചൊവ്വ വൈകിട്ട് ഭർത്താവിന്റെ പിതാവ് ചന്ദ്രൻ എത്തുമ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ ജനൽ ഗ്ലാസ് തകർത്തുനോക്കുമ്പോഴാണ് യുവതിയെ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിട്ട് മണിക്കൂറുകൾ ആയതായി ഡോക്ടർ അറിയിച്ചു.
വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ. രണ്ടുദിവസംമുമ്പായിരുന്നു വിവാഹ വാർഷികം. ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തു. യുവതിയുടെ മാതാവിന്റെ മൊഴിയും രേഖപ്പെടുത്തും. യുവതിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം പൊലീസ് കേസെടുത്തു.











0 comments