ad
Deshabhimani

കാറോടിച്ചത്‌ എംഎൽഎ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍

എംഎൽഎയുടെ കാറിടിച്ച്‌ അപകടം: 19കാരന് ​ഗുരുതര പരിക്ക്; പേര് രേഖപ്പെടുത്താതെ ഡ്രൈവർക്കെതിരെ കേസ്

Kuttanad MLA car accident

അപകടത്തിൽ തകർന്ന ബൈക്ക്‌, അപകട സ്ഥലത്ത്‌ എംഎൽഎ റെജി ചെറിയാൻ

വെബ് ഡെസ്ക്

Published on Jul 01, 2026, 07:52 AM | 1 min read

​തകഴി: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ പത്തൊമ്പതുകാരനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. ചമ്പക്കുളം പഞ്ചായത്ത് 14–-ാം വാർഡിൽ ആശാരിപറമ്പിൽ സുനിൽ കുമാറിന്റെ മകൻ സുനീഷ്‌ കുമാറിനാണ് (19) പരിക്കേറ്റത്.


തിങ്കൾ വൈകിട്ട് എട്ടോടെ മങ്കൊമ്പ്–-ചമ്പക്കുളം റോഡിൽ തെക്കേക്കര ജങ്‌ഷന് സമീപമായിരുന്നു അപകടം. ​ചമ്പക്കുളം ഭാഗത്തേക്ക്‌ സഞ്ചരിക്കുകയായിരുന്ന എംഎൽഎയുടെ കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ സുനീഷിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാ വൈകിട്ടോടെയാണ്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ യുവാവിനെ മാറ്റിയത്‌.


കാറോടിച്ചത്‌ എംഎൽഎ ആയിരുന്നെന്നും വാഹനം തെറ്റായ ദിശയിലായിരുന്നെന്നും മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിച്ചു. എംഎൽഎയെ തടഞ്ഞുവച്ച നാട്ടുകാർ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിനിടെ വാഹനത്തിലെ എംഎൽഎ ബോർഡ്‌ അഴിച്ചുമാറ്റുവാനും ശ്രമമുണ്ടായി.


നാട്ടുകാർ തടഞ്ഞതിനെതുടർന്ന്‌ സ്ഥലത്ത്‌ നേരിയതോതിൽ സംഘർഷാവസ്ഥയുണ്ടായി. പൊലീസെത്തി ലാത്തിവീശിയാണ്‌ സ്ഥിതി ശാന്തമാക്കിയത്‌. എംഎൽഎയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയനാക്കാൻ പൊലീസ്‌ തയ്യാറായില്ല. അപകടം നടന്നയുടനെ മറ്റൊരുവാഹനം വരുത്തി എംഎൽഎ അപകടസ്ഥലത്തുനിന്ന്‌ മാറിയതായും നാട്ടുകാർ പറഞ്ഞു.


അതേസമയം അപകടത്തിൽ എംഎൽഎയുടെ കാറിന്റെ ഡ്രൈവർക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു. പരിക്കേറ്റ സുനീഷിന്റെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് നടപടി. അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് പരിക്കേൽപ്പിച്ചെന്നാണ്‌ എഫ്ഐആർ. പ്രതിസ്ഥാനത്ത് ഡ്രൈവറുടെ പേര് രേഖപ്പെടുത്താതെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ചേർത്താണ് കേസെടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home