ഛത്തീസ്ഗഡിൽ 'എംഎൽഎ കോളനി'ക്കായി വീടുകൾ തകർത്തു; 80 കുടുംബങ്ങളെ വഴിയാധാരമാക്കി ബിജെപി സർക്കാർ

റായ്പൂർ: ഛത്തീസ്ഗഡിൽ 'എംഎൽഎ കോളനി'ക്കായി 80ൽ അധികം വീടുകൾ നിലംപരിശാക്കി ബിജെപി സർക്കാർ. ന്യൂ റായ്പൂർ വികസന അതോറിറ്റി ലെയർ -2 പ്രദേശത്തിന് കീഴിലുള്ള നഖി ഗ്രാമത്തിലാണ് സംഭവം. സംസ്ഥാന പൊലീസിന്റെ അകമ്പടിയിൽ ബുൾഡോസറുകൾ കൊണ്ടുവന്ന് വിധായക് കോളനി(എംഎൽഎ കോളനി)ക്കായി വീടുകൾ ഇടിച്ചുതകർക്കുകയായിരുന്നു. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. താമസക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
പൊളിച്ചുമാറ്റൽ നടപടിയിലൂടെ നിരവധി ദരിദ്ര കുടുംബങ്ങൾ ഭവനരഹിതരായി. ഈ വീടുകൾ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പോലുള്ള സർക്കാർ ഭവന പദ്ധതികൾക്ക് കീഴിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചതാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളായി പ്രാദേശിക ഭരണകൂടം സ്ഥലം തരംതിച്ചതോടെയാണ് എംഎൽഎ കോളനിക്കായി സ്ഥലം തിരഞ്ഞെടുത്തതെന്നും ആക്ഷേപമുണ്ട്.
മഴക്കാലത്ത് കെട്ടിടങ്ങൾ പൊളിച്ചുമാറ്റില്ലെന്നായിരുന്നു റായ്പൂർ ബിജെപി എംപി ബ്രിജ്മോഹൻ അഗർവാളിന്റെ വാഗ്ദാനം. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ ഭരണകൂടം തള്ളിക്കളയുന്നത് ബിജെപിക്കുള്ളിലെ ആഭ്യന്തര സംഘർഷത്തിന്റെ തെളിവാണെന്ന് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും എംപി ബ്രിജ്മോഹൻ അഗർവാളും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്നും, ഈ കാര്യം പാവപ്പെട്ട ഗ്രാമവാസികൾക്ക് അറിയില്ലായിരുന്നുവെന്നും ബാഗേൽ കൂട്ടിച്ചേർത്തു.
കുടിയിറക്കപ്പെട്ടവർക്ക് അടിയന്തര പുനരധിവാസം ഉറപ്പാക്കുമെന്നാണ് ഭരണകൂടം പറയുന്നത്. കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ നിന്ന് പിടിച്ചെടുത്ത വീട്ടുപകരണങ്ങൾ നയാ റായ്പൂരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള (EWS) റെസിഡൻഷ്യൽ കോളനിയിലേക്ക് മാറ്റുകയാണെന്നും, അവിടെ ഇവർക്ക് പകരം സ്ഥിരമായ താമസസ്ഥലം അനുവദിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നിരുന്നാലും വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങളായി മാത്രം മാറുമോ എന്ന ആശങ്കയിലാണ് കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ.











0 comments