അഞ്ച് മിനിറ്റിൽ കോടികളുടെ അഴിമതി; മേയറുടെ പ്രഖ്യാപനം നിയമലംഘനം

വി വി രാജേഷ്
ബിമൽ പേരയം
Published on Jul 01, 2026, 09:56 AM | 1 min read
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമില്ലാത്ത കൗൺസിലിൽ ചർച്ചപോലുമില്ലാതെ പ്രതിപക്ഷാംഗങ്ങളെ തല്ലിച്ചതച്ച് അഞ്ചുമിനിറ്റിനുള്ളിൽ മേയർ വി വി രാജേഷ് പാസാക്കിയ അജൻഡകളിൽ കോടികളുടെ തിരിമറി.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് റോഡ് അറ്റകുറ്റപ്പണിക്കായി എൽഡിഎഫ് ഭരണസമിതി ആറ്റുകാൽ വാർഡിൽ രണ്ട് കോടി രൂപ അനുവദിച്ച് ടെൻഡർ നടപടി പൂർത്തിയാക്കിയ പ്രവൃത്തി പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാന്റെയും ഡെപ്യൂട്ടി മേയറുടെയും വാർഡുകളിലേക്ക് വകമാറ്റി. ഒരു വാർഡിലേക്ക് ടെൻഡർ ചെയ്‌തവ മറ്റൊരുവാർഡിലേക്ക് മാറ്റി വിനിയോഗിക്കാൻ പൊതുമരാമത്ത് മാന്വൽപ്രകാരം മേയർക്കോ കൗൺസിലിനോ അധികാരമില്ലെന്നിരിക്കേയാണിത്.
ടെൻഡർ റദ്ദാക്കി പുതിയ എസ്റ്റിമേറ്റെടുത്തുമാത്രമേ മറ്റൊരു വാർഡിലെ നിർമാണപ്രവൃത്തിക്ക് ഇൗ തുക വിനിയോഗിക്കാനാകൂ. ഒരുമാസംമുന്പെടുത്ത പല പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് തുക 40 ശതമാനത്തിലധികം വർധിപ്പിച്ച് കരാറുകാർക്ക് നൽകിയതിനുപിന്നിലും അഴിമതിയുണ്ട്. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി കലക്ടർ ഭരണാനുമതി നൽകിയ പൊതുമരാമത്ത് ജോലികളുടെ ബിൽ തുക കോർപറേഷന്റെ തനതുഫണ്ടിൽനിന്ന് അനുവദിക്കാനും തീരുമാനിച്ചു. കലക്ടറേറ്റിൽനിന്ന് അനുവദിക്കേണ്ട തുക സർക്കാരിന്റെ അനുമതിയില്ലാതെ തനതുഫണ്ടിൽനിന്ന് നൽകിയാൽ തിരികെ ലഭിക്കണമെന്നില്ല. ഇത് കോർപറേഷന് വൻ സാന്പത്തികബാധ്യതയാകും. ചില കരാറുകാരെ സഹായിക്കാനാണ് ഇൗ നീക്കം.
കുടപ്പനക്കുന്ന് വാർഡിൽ റോഡ് സുരക്ഷാഭിത്തി പുതുക്കിപ്പണിയാൻ 70 ലക്ഷംരൂപ പാസാക്കിയെടുത്തതിനുപിന്നിലെ ലക്ഷ്യം സ്വകാര്യവ്യക്തിയെ സഹായിക്കുകയെന്നതാണ്. കോർപറേഷൻ ബജറ്റിൽ 20 കോടിരൂപ വകയിരുത്തിയ പിഎംബിവൈ പിഎം പദ്ധതിക്ക് സർക്കാർ അനുമതി ലഭിക്കുംമുന്പേ ഗുണഭോക്തൃസംഗമം നടത്തിയ വകയിലും ലക്ഷങ്ങളുടെ തട്ടിപ്പാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് വാങ്ങിയ നഗരപരിധിയിലെ കുട്ടികൾക്ക് അനുമോദനമൊരുക്കിയ ചടങ്ങിൽ വേദി നിർമിച്ച കന്പനിക്ക് 1.65 ലക്ഷം രൂപ നൽകാനും ഏകപക്ഷീയ തീരുമാനമെടുത്തു.
കുറഞ്ഞ നിരക്ക് കാണിച്ച കരാറുകാരനെ ഒഴിവാക്കി ഉയർന്ന ക്വട്ടേഷൻ നിരക്ക് കാണിച്ചയാളുടെ വാഹനം കോർപറേഷന്റെ ഒൗദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്തതിനുപിന്നിലും സ്വജനപക്ഷപാതമാണ്.
കേരള മുനിസിപ്പാലിറ്റി ആക്‌ട് 1994 സെക്‌ഷൻ 36 പ്രകാരം ഭൂരിപക്ഷമില്ലാതെ അജൻഡ പാസാകില്ല. ഇവ പാസാക്കിയതായുള്ള മേയറുടെ പ്രഖ്യാപനം നിയമലംഘനവുമാണ്.











0 comments