40 വർഷത്തെ കണ്ണീർ തുടച്ച് മെക്സിക്കൻ പടയോട്ടം; ഇക്വഡോറിനെ തളച്ച് പ്രീക്വാർട്ടറിൽ

മെക്സിക്കൻ താരങ്ങളുടെ ആഘോഷം | Photo: AFP
മെക്സിക്കോ സിറ്റി: തുടക്കംമുതൽ പുലർത്തിയ ആധിപത്യത്തിന്റെ കരുത്തിൽ ഇക്വഡോറിനെ നിഷ്പ്രയാസം വീഴ്ത്തി മെക്സിക്കോ. എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം നേടിയാണ് ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടറിലേക്ക് സഹആതിഥേയരുടെ കുതിപ്പ്. 1986ന് ശേഷം ആദ്യമായാണ് മെക്സിക്കോ ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തിൽ വിജയിക്കുന്നത്.
കനത്ത ഇടിമിന്നലിനെ തുടർന്ന് ഒരു മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. ആദ്യനിമിഷം മുതൽ ആക്രമണോത്സുകത മെക്സിക്കോ പുറത്തെടുത്തു. 22–ാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസ് വേട്ടയ്ക്ക് തുടക്കമിട്ടു. റോബർട്ടോ അൽവരാഡോയുടെ മികച്ച പാസിൽ ഇക്വഡോർ ഗോൾകീപ്പർ ഹെർണൻ ഗാലിൻഡെസിനെ മറികടന്ന്, ഗോൾ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് ക്വിനോനെസ് അടിച്ചുകയറ്റി. 31-ാം മിനിറ്റിൽ ഇക്വഡോറർ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് റൗൾ ഹിമെനെസ് രണ്ടാംഗോൾ നേടി. ക്വിനോനെസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
ഇക്വഡോർ പലതവണ മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും മെക്സിക്കൻ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. എങ്കിലും ഇക്വഡോറിന്റെ ഗിൽബെർട്ടോ മോറയുടെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിലാണ് ഗോളാകാതെ പോയത്. വെറും 17 വയസ്സും 259 ദിവസവും പ്രായമുള്ളപ്പോൾ കളത്തിലിറങ്ങിയ മോറ, 1958ൽ പെലെക്ക് (17 വയസ്സും 239 ദിവസവും) ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ആദ്യ ഇലവനിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും സ്വന്തമാക്കി.
ജർമനിക്കെതിരെ തകർപ്പൻ വിജയംനേടിയാണ് ഇക്വഡോർ നോക്കൗട്ടില്‍ എത്തിയത്.
അടുത്ത ഘട്ടത്തിൽ ഇംഗ്ലണ്ടോ ഡിആർ കോംഗോയോ ആയിരിക്കും മെക്സിക്കോയുടെ എതിരാളികൾ.










0 comments