ad
Deshabhimani

സമാധാന ശ്രമങ്ങൾക്കിടെ വെല്ലുവിളി

സമാധാന മുന്നറിയിപ്പ് തള്ളി നെതന്യാഹു; ഇറാന്റെ ആണവ കേന്ദ്രങ്ങളെ വീണ്ടും ആക്രമിക്കുമെന്ന് ഭീഷണി

net
വെബ് ഡെസ്ക്

Published on Jul 01, 2026, 11:28 AM | 2 min read

ടെൽ അവീവ്: അന്താരാഷ്ട്ര സമൂഹത്തിന്റെയും അമേരിക്ക ഉൾപ്പെടെ മധ്യസ്ഥ രാഷ്ട്രങ്ങളുടെയും സമാധാന ശ്രമങ്ങളെയും മുന്നറിയിപ്പുകളെയും പൂർണ്ണമായും തള്ളി ഇസ്രയേൽ. ഇറാനെതിരെ വീണ്ടും സൈനിക നടപടിക്ക് മടിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെല്ലുവിളി ഉയര്‍ത്തി. ആണവായുധം കൈവരിക്കുന്നതിൽ നിന്ന് ഇറാനെ തടയാൻ ഇസ്രായേൽ സ്വതന്ത്രമായി തന്നെ മുന്നോട്ട് പോകുമെന്നും, മേഖലയിലെ സമാധാന ചർച്ചകൾ ഇസ്രായേലിന് ബാധകമല്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രായേലിന്റെ ചാനൽ 14-ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


"ഇറാനിൽ ആണവബോംബുകൾ നിർമ്മിക്കുന്നതിൽ നിന്ന് ഞങ്ങൾ ഞങ്ങളെത്തന്നെ രക്ഷിച്ചു. ആവശ്യമെങ്കിൽ മൂന്നാമതൊരു ആക്രമണത്തിനും ഞങ്ങൾ മടിക്കില്ല," നെതന്യാഹു


യു.എസ് - ഇറാൻ ചർച്ചകളും

ഇസ്രായേലിന്റെ വിയോജിപ്പും


മേഖലയിൽ മാസങ്ങളായി തുടരുന്ന സൈനിക സംഘർഷങ്ങൾക്ക് വിരാമമിടാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടയിലാണ് നെതന്യാഹുവിന്റെ കടുത്ത നിലപാട്. യുദ്ധം അവസാനിപ്പിക്കുക, ഉപരോധങ്ങൾ നീക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്റെ ആണവ പരിപാടികൾക്ക് മേൽ നിയന്ത്രണം കൊണ്ടുവരിക എന്നിവയാണ് അമേരിക്ക മുന്നോട്ട് വെക്കുന്ന സമാധാന കരാറിന്റെ ഉള്ളടക്കം. തങ്ങൾ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാനും തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്.


എന്നാൽ, ഇറാന്റെ ആണവ-സൈനിക ശേഷി പൂർണ്ണമായി ഇല്ലാതാക്കാത്ത ഒരു കരാറിനെയും തങ്ങൾ അംഗീകരിക്കില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഈ കരാർ നിലവിൽ വന്നാലും തങ്ങൾക്ക് ഇറാനെ ആക്രമിക്കാൻ അവകാശമുണ്ടെന്ന് ഇസ്രായേൽ വാദിക്കുന്നു.


'നിങ്ങൾ ഒറ്റപ്പെടും';

നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്


തുടർവിവാദങ്ങളും ആക്രമണങ്ങളും മേഖലയെ കൂടുതൽ വഷളാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ വീണ്ടും വലിയ രീതിയിലുള്ള ആക്രമണങ്ങൾക്ക് മുതിർന്നാൽ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുമെന്ന് ട്രംപ് നെതന്യാഹുവിനെ നേരിട്ട് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു.


"ബിബി, നിങ്ങൾ സൂക്ഷിക്കുന്നത് നന്നായിരിക്കും, അല്ലെങ്കിൽ വൈകാതെ തന്നെ നിങ്ങൾ ഒറ്റയ്ക്കായേക്കാം," എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.


ഇതിനിടെ, ഇസ്രായേൽ സൈന്യം പിടിച്ചടക്കിയ തെക്കൻ ലെബനനിലെ പ്രദേശങ്ങളിൽ ബെന്യാമിൻ നെതന്യാഹു അപ്രതീക്ഷിത സന്ദർശനം നടത്തി. യു എസ് പിന്തുണയോടെയുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇസ്രായേൽ സൈന്യം പിന്മാറണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഭീഷണി പൂർണ്ണമായി മാറുന്നത് വരെ ഇസ്രായേൽ സൈന്യം തെക്കൻ ലെബനൻ വിടില്ല എന്ന് ആവര്‍ത്തിക്കയും ചെയ്തു. ഹിസ്ബുള്ള അവിടെ ആയുധങ്ങളുമായി തുടരുന്നിടത്തോളം കാലം ഇസ്രായേൽ സൈന്യവും അവിടെ നിലയുറപ്പിക്കും. ഹിസ്ബുള്ളയുടെയും ഇറാന്റെയും ഭീഷണികളെ ഒരുപോലെ നേരിടാൻ സൈന്യം സജ്ജമാണെന്നും പ്രഖ്യാപിച്ചു.


ആശങ്കയിൽ മിഡിൽ ഈസ്റ്റ്


നേരത്തെ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഇതിന് പകരമായി ഇസ്രായേൽ ഇറാന്റെ ഉള്ളിലേക്ക് കയറി നടത്തിയ പ്രത്യാക്രമണം വലിയ യുദ്ധഭീതിയാണ് സൃഷ്ടിച്ചത്. അന്ന് ഇസ്രായേലിന്റെ പ്രതിരോധത്തിന് അമേരിക്ക സഹായിച്ചിരുന്നെങ്കിലും ഇനി ഇസ്രായേൽ ഏകപക്ഷീയമായി നീങ്ങിയാൽ അമേരിക്കൻ പിന്തുണ ലഭിച്ചേക്കില്ല എന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.


വരും ആഴ്ചകളിൽ യു.എസ്-ഇറാൻ ചർച്ചകൾ ഒരു ഔദ്യോഗിക കരാറിലേക്ക് നീങ്ങുമോ, അതോ കരാര്‍ നിബന്ധനകൾ ലംഘിച്ച് ഇസ്രായേൽ വീണ്ടും സൈനിക നടപടി സ്വീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങളുടെ ഭാവി.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home