ad
Deshabhimani

പരമ്പരാഗത ചടങ്ങുകൾ ഇല്ലാതെ രജിസ്ട്രേഷൻ മാത്രമായി ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

guj hc
വെബ് ഡെസ്ക്

Published on Jul 01, 2026, 12:06 PM | 1 min read

അഹമ്മദാബാദ്: പരമ്പരാഗത ആചാരങ്ങളും 'സപ്തപദി' പോലെയുള്ള ചടങ്ങുകളും പാലിക്കാതെ വെറും രജിസ്ട്രേഷൻ മാത്രം നടത്തിയാൽ ഹിന്ദു വിവാഹം നിയമപരമായി സാധുവാകില്ലെന്ന വിധിയുമായി ഗുജറാത്ത് ഹൈക്കോടതി. വിവാഹം എന്നത് കേവലം "പാട്ടും നൃത്തവും" മദ്യപാനവും ഭക്ഷണവും മാത്രമുള്ള ആഘോഷമല്ലെന്ന വിമര്‍ശനവും നടത്തി. ജസ്റ്റിസ് ഇലേഷ് വോറ, ജസ്റ്റിസ് ആർ ടി. വാച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.


പവിത്രമായ അഗ്നിയെ സാക്ഷിനിർത്തി വധൂവരന്മാർ ഒരുമിച്ച് ഏഴു ചുവടുകൾ വയ്ക്കുന്ന 'സപ്തപദി' പോലുള്ള അവശ്യ ചടങ്ങുകൾ നിർവഹിക്കുന്നതാണ് ഒരു ഹിന്ദു വിവാഹത്തിന്റെ അടിത്തറ എന്നും കോടതി പറഞ്ഞു. പരമ്പരാഗത ആചാരപ്രകാരം നടത്തുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുതയുള്ളൂ എന്ന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 വ്യക്തമാക്കുന്നുണ്ട്. ചടങ്ങുകൾ നടക്കാത്ത പക്ഷം വിവാഹത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങൾ അവിടെ ഇല്ലാതാകുമെന്നും വിധിയിൽ പറയുന്നു.


യു കെയിൽ താമസിക്കുന്ന കൗശൽ സോനാർ എന്നയാൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ വിധി. കൗശലുമായി തന്റെ വിവാഹം കഴിഞ്ഞതാണെന്ന വാദവുമായി അഹമ്മദാബാദ് സ്വദേശിനിയായ യുവതി വിവാഹ സർട്ടിഫിക്കറ്റുമായി ഇയാളുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ യാതൊരുവിധ വിവാഹച്ചടങ്ങുകളും നടന്നിട്ടില്ലെന്നും ഒപ്പുകൾ വ്യാജമായി ഒപ്പിച്ചതാണെന്നും കാണിച്ച് യുവാവ് ഫാമിലി കോടതിയെ സമീപിച്ചു. പക്ഷേ കോടതി അദ്ദേഹത്തിന്റെ അപ്പീൽ തള്ളി. ഇതിനെതിരെയാണ് കേസ് ഹൈക്കോടതിയിലെത്തിയത്.


"യുവതീയുവാക്കൾ വിവാഹമെന്ന വ്യവസ്ഥിതിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ഇന്ത്യൻ സമൂഹത്തിൽ ഈ വ്യവസ്ഥിതിക്കുള്ള പവിത്രമായ സ്വഭാവം അവർ മനസ്സിലാക്കണം." എന്നും കോടതി കൂട്ടിച്ചേര്‍ത്തു.


യുവാവിന്റെ ഹർജി തള്ളിയ ഫാമിലി കോടതിയുടെ നടപടി തെറ്റാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പ്രസ്തുത വിവാഹം തന്നെ അസാധുവായി പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home