സ്വർണവിപണിയിൽ പുതിയ ട്രെൻഡ്; ആഭരണങ്ങളേക്കാൾ നിക്ഷേപത്തിന് പ്രിയം

പ്രതീകാത്മക എഐ ചിത്രം
ന്യൂഡൽഹി : ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് രാജ്യത്ത് സ്വർണവില സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നതിനിടെ ഇന്ത്യൻ ഉപഭോക്താക്കളുടെ വാങ്ങൽ രീതികളിൽ വലിയ മാറ്റം പ്രകടമാകുന്നതായി റിപ്പോർട്ട്. പരമ്പരാഗതമായി ആഭരണങ്ങൾ വാങ്ങിക്കൂട്ടിയിരുന്ന ഇന്ത്യക്കാർക്കിപ്പോൾ ആഭരണങ്ങളേക്കാൾ കൂടുതൽ പ്രിയം സ്വർണക്കട്ടികളോടും നാണയങ്ങളോടുമാണ്. സ്വർണ വിപണിയിലെ ഈ പുതിയ ട്രെൻഡ് ആണ് ഇപ്പോൾ നിക്ഷേപകർ പിന്തുടരുന്നത്.
വില കുത്തനെ ഉയർന്നതോടെ പുതിയ ആഭരണങ്ങൾ വാങ്ങുന്നത് പലരും പരിമിതപ്പെടുത്തിയിരിക്കുകയാണ്. പകരം ഭാവിയിൽ മികച്ച ലാഭം ലക്ഷ്യമിട്ടുള്ള നിക്ഷേപമെന്ന നിലയിലാണ് ആളുകൾ സ്വർണത്തെ കാണുന്നത്.
പഴയ സ്വർണം വിറ്റഴിക്കാൻ തിരക്ക്
വില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ കൈവശമുള്ള പഴയ സ്വർണം വിറ്റ് പണമാക്കാനും പലരും താല്പര്യം കാണിക്കുന്നുണ്ട്. മറ്റ് സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉയർന്ന വിലയുടെ ആനുകൂല്യം മുതലാക്കുന്നതിനുമായി പലരും ഒരേപോലെ പഴയ സ്വർണം വിറ്റഴിക്കുന്നതായി വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പഴയ സ്വർണം വിപണിയിലേക്ക് വൻതോതിൽ തിരിച്ചെത്തുന്നത് സ്വർണ ശുദ്ധീകരണശാലകൾക്കും ആഭരണ വ്യാപാരികൾക്കും സഹായകരമാകുന്നുണ്ട്.
ഡിജിറ്റൽ സ്വർണത്തിനും പ്രിയമേറുന്നു
സ്വർണം വാങ്ങി സൂക്ഷിക്കുന്നതിലെ സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് ഡിജിറ്റൽ ഗോൾഡ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി), ഗോൾഡ് ഇടിഎഫുകൾ (ഇടിഎഫ്) എന്നിവയിലേക്കും നിക്ഷേപകർ വലിയ തോതിൽ ആകർഷിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും പണപ്പെരുപ്പ ഭീഷണിയും നിലനിൽക്കുന്നതിനാൽ വരും മാസങ്ങളിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.










0 comments