ad
Deshabhimani

മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

Madrass HC
വെബ് ഡെസ്ക്

Published on Jul 01, 2026, 12:47 PM | 1 min read

ചെന്നൈ: തമിഴ്‌നാട്ടിൽ പശുക്കളെയും കന്നുകൂട്ടികളെയും അറക്കുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സംസ്ഥാനത്തിന്റെ നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജി.


മെയ് 28 ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ അറക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പാക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മെയ് 27-ലെ ഉത്തരവ്.


ആവശ്യപ്പെട്ടത് നിയന്ത്രണം

ഉത്തരവ് പൂര്‍ണ നിരോധനം


'ഹിന്ദു മക്കൾ കക്ഷി' ജനറൽ സെക്രട്ടറി കെ സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മൃഗങ്ങളെ അറക്കുന്നത് നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമാക്കണം എന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, കോടതി അറവ് പൂർണ്ണമായി നിരോധിക്കുകയാണുണ്ടായത്.


പാലുത്പാദനം വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായി 1976-ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി മുഴുവൻ നിരോധനം വിധിച്ചത്.


സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഇതിലെ വീഴ്ച ചൂണ്ടികാണിക്കുന്നു. ഹൈക്കോടതിയുടെ ഈ താൽക്കാലിക ഉത്തരവ് സംസ്ഥാനത്ത് നിലവിലുള്ള 'തമിഴ്‌നാട് മൃഗസംരക്ഷണ നിയമം, 1958' (Tamil Nadu Animal Preservation Act, 1958) അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. 1958-ലെ നിയമപ്രകാരം തമിഴ്‌നാട്ടിൽ പശുക്കളെ അറക്കുന്നതിന് ചില ഇളവുകളുണ്ട്. 10 വയസ്സിന് മുകളിൽ പ്രായമുള്ളതും, ജോലി ചെയ്യാനോ പ്രജനനത്തിനോ ശേഷിയില്ലാത്തതുമായ പശുക്കളെ കൃത്യമായ ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റോടെ അറക്കാൻ നിയമം അനുവദിക്കുന്നുണ്ട്. നിലവിലുള്ള ഈ നിയമത്തെ പൂർണ്ണമായി റദ്ദാക്കിക്കൊണ്ട് കോടതി ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത് ശരിയല്ലെന്നാണ് സർക്കാരിന്റെ വാദം.


ഈ ഉത്തരവ് സംസ്ഥാനത്തെ കന്നുകാലി വളർത്തൽ മേഖലയെയും മാംസവ്യാപാരത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. മാത്രമല്ല കര്‍ഷകര്‍ക്കും ഇത് തിരിച്ചടിയായി. അവസാന കാലത്ത് കന്നുകളെ ഒഴിവാക്കുമ്പോൾ ലഭിച്ചിലുന്ന വില കിട്ടാതായി. പകരം വാങ്ങളുകളും തടസപ്പെടും എന്ന പരാതി ഉയര്‍ന്നു. ഹർജി വരും ദിവസങ്ങളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചേക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home