വിശ്രമമില്ലാതെ ലോക്കോ പെെലറ്റുമാർ: പാലക്കാട് ഡിവിഷന്റെ തൊഴിലാളിദ്രോഹ നടപടിയിൽ സമരം ശക്തിപ്പെടുന്നു

പാലക്കാട്: റെയിൽവേ പാലക്കാട് ഡിവിഷന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ഡിആർഎം ഓഫീസിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്. പാലക്കാട് ഡിവിഷനിൽ ഈ കഴിഞ്ഞ ജൂൺ 15ന് നടപ്പാക്കിയ മൺസൂൺ ക്രൂ ലിങ്കിനെതിരെ ശക്തമായ സമരമാണ് തുടരുന്നത്.
നിലവിലെ മൺസൂൺ റോസ്റ്ററിൽ കടുത്ത തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സമരക്കാർ വ്യക്തമാക്കുന്നു. തുടർച്ചയായി നാലും അഞ്ചും രാത്രി ഡ്യൂട്ടികൾ, ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന വീക്കിലി റെസ്റ്റുകളുടെ കുറവ് ഇതെല്ലാം ലോക്കോ പൈലറ്റുമാരുടെ ജീവിതം താറുമാറാക്കുന്നു. റെയിൽ സുരക്ഷയെയും ഇത് നേരിട്ട് ബാധിക്കുന്നു. മഴക്കാലമായാൽ കൊങ്കൺ പാതയിൽ ട്രെയിനിന്റെ വേഗത കുറയുന്ന സാഹചര്യമുണ്ടാകുന്നു. മണ്ണിടിച്ചിലും വെള്ളക്കെട്ടുമാണ് ഇതിന് കാരണം. ഇതിനാൽ തന്നെ ട്രെയിനുകൾ ഓടിയെത്തുന്ന സമയത്തിലും വ്യത്യാസമുണ്ടാകുന്നു.
മഴയും മണ്ണിടിച്ചിലും മൂലം 110 മുതൽ 130 വേഗതയിൽ പോകുന്ന ട്രെയിനുകളുടെ വേഗത 80മുതൽ 100 വരെയായി കുറയുകയാണ്. ഇത്തരമൊരു സാഹചര്യം ജൂൺ പത്ത് മുതൽ ഒക്ടോബർ 31 വരെയാണ് റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ റോസ്റ്ററുകളിൽ പറയുന്ന സമയത്ത് ട്രെയിനോടിയെത്താതിരിക്കുകയും എന്നാൽ ലോക്കോ പെെലറ്റുമാരുടെ ജോലി സമയം കൂടുകയും വിശ്രമ സമയം വലിയ തോതിൽ ചുരുങ്ങുകയും ചെയ്യുന്നു. ഈ വൈകിയോട്ടം ടൈറ്റ് ഷെഡ്യൂളിൽ തീർത്തിട്ടുള്ള ക്രൂ ലിങ്ക് തുടരാൻ പലർക്കും സാധിക്കുന്നില്ല.
നാല് മുതൽ അഞ്ച് ദിവസം വരെ നെെറ്റ് ഡ്യൂട്ടി എടുക്കേണ്ട സാഹചര്യത്തിലേക്ക് ലോക്കോ പെെലറ്റുമാർ എത്തുകയാണ്. ആഴ്ചയിലുള്ള വിശ്രമ സമയം പോലും വളരെ വലിയ അളവിൽ ചുരുക്കി. ട്രെയിൻ തിരിച്ചെത്തിയാൽ ഉടനെ തന്നെ തിരിച്ച് യാത്ര പുറപ്പെടേണ്ട സ്ഥിയിലാകുകയാണ് ലോക്കോ പെെലറ്റുമാർ. കാലങ്ങളായി ഇത്തരത്തിൽ പ്രശ്നങ്ങൾ ലോക്കോ പൈലറ്റുമാർ അനുഭവിക്കുന്നുണ്ടെങ്കിലും നിലവിൽ കടുത്ത തൊഴിലാഴിവിരുദ്ധ സമീപനമാണ് പാലക്കാട് ഡിവിഷൻ റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ആറ് ദിവസം കഴിഞ്ഞ് ഏഴാം ദിവസത്തെ വിശ്രമം കൃത്യമായി ലഭിക്കാത്ത സ്ഥിതിയുമുണ്ട്. നിരന്തരം രാത്രി ഡ്യൂട്ടി നൽകുന്നത് വഴിയ വലിയ ശാരീരിക പ്രയാസങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു
'പരിഹാരമായി കൂടുതൽ ലോക്കോ പെെലറ്റുമാരെ നിയമിക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചാൽ കൂടുതൽ പേരെ മൺസൂൺ റോസ്റ്റിൽ നിയമിക്കാൻ സാധിക്കും. പല ഡിവിഷനു കളിലും ഇത്തരം പ്രശ്നമുണ്ടെങ്കിലും പാലക്കാട് ഡിവിഷനിലാണ് ലോക്കോ പൈലറ്റ് മാർക്ക് കൂടുതൽ പ്രശ്നങ്ങൾ വന്നിട്ടുള്ളത്. എന്നാൽ ഇത് അംഗീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ട്രെയിൻ ഗതാഗതത്തിന് യാതൊരു തടസവുമുണ്ടാക്കാതെയാണ് സമരം തുടരുന്നത്. ജൂൺ 29 യാണ് സമരം ആരംഭിച്ചത് '-എഐഎൽആർഎസ്എ വർക്കിംഗ് പ്രസിഡന്റ് കെ കെ കേശവൻ പറഞ്ഞു.
റെയിൽവേ സേഫ്റ്റി കമ്മിറ്റികൾ ലോക്കോ പൈലറ്റ് മാർക്ക് ആഴ്ചയിലൊരിക്കൽ 46 മണിക്കൂർ വിശ്രമം കൊടുക്കണമെന്നും രണ്ടു രാത്രി ഡ്യൂട്ടിയിൽ കൂടുതൽ വർക്ക് ചെയ്യിപ്പിക്കരുത് എന്ന ഉത്തരവും ലംഘിച്ചാണ് ഈ നടപടികൾ പാലക്കാട് ഡിവിഷൻ കൈകൊള്ളുന്നത് പ്രതിവാര വിശ്രമം 22 മണിക്കൂറായി വെട്ടിച്ചുരുക്കിയത് പിൻവലിക്കുക, തുടർച്ചയായ രാത്രി ഡ്യൂട്ടി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, റെയിൽവേ കമ്മിറ്റികൾ നിർദേശിച്ച ജോലി–വിശ്രമ വ്യവസ്ഥകൾ അട്ടിമറിക്കുന്ന നിലപാട് തിരുത്തുക, ജീവനക്കാരുടെ ഉറക്കക്കുറവും ജോലിഭാരവും ട്രെയിൻ സർവീസുകളുടെയും യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുക എന്നിവയാണ് ലോക്കോ പെെലറ്റുമാരുടെ ആവശ്യങ്ങൾ. പാലക്കാട് ഡിവിഷണൽ കമ്മിറ്റി നേതൃത്വത്തിലാണ് ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധം.










0 comments