ad
Deshabhimani

വിഴിഞ്ഞത്ത് കുത്തകയ്ക്ക് വഴിവെക്കും; ഓഹരിക്കൈമാറ്റം ആശങ്കയുണർത്തുന്നതെന്ന് പ്രതിപക്ഷനേതാവ്

Pinarayi Vijayan Niyamasabha

പിണറായി വിജയൻ നിയമസഭയിൽ

വെബ് ഡെസ്ക്

Published on Jul 01, 2026, 12:58 PM | 2 min read

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരിക്കൈമാറ്റം ആശങ്കയുണർത്തുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎൽ) 49% ഓഹരികൾ ആഗോള ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി) സ്വന്തമാക്കുന്നു എന്ന വാർത്തകൾ സംബന്ധിച്ച് സബ്മിഷൻ ഉന്നയിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.


കരാർ പ്രകാരം തുറമുഖ അതോറിറ്റിയായ കേരള സർക്കാരിന്റെ അനുമതിയോടെ മാത്രമേ ഓഹരി വിൽക്കാനോ, കരാർ വ്യവസ്ഥയിൽ മാറ്റമുണ്ടാകുന്ന തരത്തിൽ ഉടമസ്ഥതയിൽ വ്യതിയാനം സൃഷ്ടിക്കാനോ കഴിയുകയുള്ളൂ. 25 ശതമാനത്തിൽ കൂടുതൽ ഓഹരിവിൽക്കുന്നത് ഉടമസ്ഥതയുടെ കൈമാറ്റമായാണ് കണക്കാക്കുന്നത്. ഇത് ചെയ്യുമ്പോൾ ദേശീയസുരക്ഷയുടെയും പൊതുജനങ്ങളുടെ താൽപര്യവും പരി​ഗണിക്കണമെന്ന് വ്യവസ്ഥയുണ്ട്. കേന്ദ്രസർക്കാരിന്റെ അഭിപ്രായവും ആരായാവുന്നതാണ്. പഹൽ​ഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറും നടക്കുന്ന സമയത്ത് അതീവ സുരക്ഷ സ്ഥലമായിട്ടാണ് കേന്ദ്രസർക്കാർ വിഴിഞ്ഞം തുറമുഖത്തെ പരി​ഗണിച്ചത്.


കപ്പൽകമ്പനിയായ എംഎസ്‍സിയുമായി തുറമുഖ നടത്തിപ്പുകാരായ അദാനി ​ഗ്രൂപ്പ് കൂട്ടുടമസ്ഥയിലാകുമ്പോൾ കുത്തക അവകാശമാണ് സ്ഥാപിതമാകുന്നത്. ഇത് കേരളത്തിന്റെ വാണിജ്യ താൽപര്യങ്ങൾക്കും തുറമുഖത്തിന്റെ ഭാവി വികസനത്തിനും അപകടകരമാണ്. നിലവിൽ ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഈ മാസത്തോടുകൂടി റോഡ് മാർ​ഗം ചരക്ക് നീക്കം ആരംഭിക്കാനാകും. കേരളത്തിലുള്ള ഒരു വ്യവസായിക്ക് ഒരു നിശ്ചിത കമ്പനിയുടെ കണ്ടെയ്നറിലും കപ്പലിലും മാത്രമേ അവരുടെ ചരക്ക് ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന പ്രശ്നമാണ് ഇതിലൂടെ വരാൻപോകുന്നത്. ആ ഒറ്റയാൻ കമ്പനി നിശ്ചയിക്കുന്ന നിരക്ക് എല്ലാ വ്യവസായികളും അം​ഗീകരിക്കാൻ ബാധ്യസ്ഥരാകും എന്നതാണ് പാർശ്വഫലം.


നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളുമായി 5000 കോടി രൂപയുടെ ധാരണാപത്രം കേരള സർക്കാർ ഒപ്പുവെച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് കുത്തക വരുന്നതോടെ ഇവരുൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ വളർച്ച മുരടിക്കും. ലോകോത്തര മാതൃകയിൽ മൾട്ടി ഓപറേറ്ററായി തുറുമുഖം വളരുമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ ഓഹരിക്കൈമാറ്റം വഴി വികസനസാധ്യതകൾ ചുരുങ്ങുകയും മത്സരക്ഷമത തകർക്കപ്പെടുകയും ചെയ്യും. മറ്റ് സാമ്പത്തിക ക്രമക്കേടുകൾക്കും വഴിവെക്കാൻ സാധ്യതയുണ്ട്. സർക്കാരിന് ലഭിക്കേണ്ട വരുമാനവിഹിതത്തില്‍ കൃത്രിമമായി കുറവ് വരാനും ഈ ഓഹരിക്കൈമാറ്റം ഇടയാക്കില്ലേ എന്ന് ആശങ്കയുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


എന്നാൽ, ഓഹരിക്കൈമാറ്റം സംബന്ധിച്ച് വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദാനി പോർട്ട് ഒരു കത്തിടപാടും സംസ്ഥാന സർക്കാരുമായി നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home