വീണ്ടും ഹിറ്റായി മഞ്ഞിൽ ചോരയൊഴുകുന്ന ‘ബ്ലഡ് ഫാൾസ്’
അന്റാർട്ടിക്കയിലെ ആ ചുവപ്പ് വെള്ളച്ചാട്ടത്തിന് പിന്നിലെ യാഥാർഥ്യം ഇതാണ്!

അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിലൂടെ ചോരയൊഴുകുന്നതുപോലെ... തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിലൂടെ കടുംചുവപ്പ് നിറത്തിൽ ഒരു വെള്ളച്ചാട്ടം ഒഴുകുന്ന ദൃശ്യങ്ങൾ വീണ്ടും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 'ബ്ലഡ് ഫാൾസ്' (Blood Falls) എന്നറിയപ്പെടുന്ന ഈ അദ്ഭുത പ്രതിഭാസത്തിന് പിന്നിലെ യാഥാർഥ്യം തിരയുകയാണ് സോഷ്യൽ മീഡിയ. ഒരു നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകത്തെ അമ്പരപ്പിച്ച അന്റാർട്ടിക്കയിലെ ടെയ്‌ലർ മഞ്ഞുപാളിയിലെ (Taylor Glacier) ഈ ചുവപ്പ് വെള്ളച്ചാട്ടത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ ഇപ്പോൾ പുതിയ ഗവേഷണങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.
എന്താണ് ചുവപ്പ് നിറത്തിന് കാരണം?
മഞ്ഞുപാളിയുടെ അടിയിലുള്ള ഇരുമ്പ് അടങ്ങിയ ഉപ്പുവെള്ളം ഉപരിതലത്തിലേക്ക് വരുമ്പോൾ വായുവിലെ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് തുരുമ്പ് രൂപപ്പെടുന്നു. ഇതാണ് വെള്ളത്തിന് കടും ചുവപ്പ് നിറം നൽകുന്നത്. കടുത്ത തണുപ്പിലും ഈ വെള്ളം മരവിക്കാതെ ദ്രാവകമായി ഒഴുകാൻ കാരണം അതിലെ അമിതമായ ഉപ്പിന്റെ അളവാണ്. ഉയർന്ന ഉപ്പിന്റെ അളവ് വെള്ളത്തിന്റെ ഫ്രീസിങ് പോയിന്റ് കുറയ്ക്കുന്നു.
ടെയ്‌ലർ മഞ്ഞുപാളികൾക്ക് 400 മീറ്റർ താഴെയുള്ള ഒരു പുരാതന ഭൂഗർഭ തടാകമാണ് വെള്ളച്ചാട്ടത്തിന്റെ ഉറവിടം. ഏകദേശം 1.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മഞ്ഞുപാളികളുടെ അടിയിൽ കടൽവെള്ളം കുടുങ്ങി രൂപപ്പെട്ടതാണ് ഈ തടാകമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ടെയ്‌ലർ മഞ്ഞുപാളികളുടെ ചരിത്രം
1911ൽ ഓസ്‌ട്രേലിയൻ ജിയോളജിസ്റ്റ് ഗ്രിഫിത്ത് ടെയ്‌ലർ ആണ് ഇത് കണ്ടെത്തിയത്. ചുവപ്പ് നിറത്തിന് കാരണം ആൽഗകളാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. പിന്നീട് 2017ൽ റഡാർ ഉപയോഗിച്ച് നടത്തിയ പഠനത്തിൽ, മഞ്ഞുപാളികളുടെ ഉള്ളിലെ 300 മീറ്ററോളം നീളമുള്ള മറഞ്ഞിരിക്കുന്ന ചാനലുകളിലൂടെയാണ് ഈ ഉപ്പുവെള്ളം മുകളിലേക്ക് എത്തുന്നതെന്ന് കണ്ടെത്തി. മഞ്ഞുപാളിയിലെ പൊട്ടലുകൾ വഴിയാണ് ഈ വെള്ളം പുറത്തേക്ക് വരുന്നത്.
ജീവന്റെ തുടിപ്പ്
ദശലക്ഷത്തിലധികം വർഷങ്ങളായി സൂര്യപ്രകാശമോ ഓക്സിജനോ ലഭിക്കാത്ത ഈ ഉപ്പുവെള്ളത്തിലും സൂക്ഷ്മാണുക്കൾ ജീവിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രകാശസംശ്ലേഷണത്തിന് പകരം സൾഫേറ്റ് അടങ്ങിയ രാസപ്രവർത്തനങ്ങൾ വഴിയാണ് ഇവ അതിജീവിക്കുന്നത്.
കഠിനമായ ഈ അന്തരീക്ഷത്തിലെ ജീവന്റെ സാന്നിധ്യം, സൗരയൂഥത്തിലെ മറ്റ് മഞ്ഞുമൂടിയ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും ജീവൻ എങ്ങനെ നിലനിൽക്കാം എന്നതിനെക്കുറിച്ച് സൂചന നൽകുന്നതിനാൽ ആസ്ട്രോബയോളജിയിൽ(പ്രപഞ്ചത്തിലെ ജീവന്റെ ഉത്ഭവം, പരിണാമം, വിതരണം, ഭാവി എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ) ബ്ലഡ് ഫാൾസ് വളരെ പ്രധാനപ്പെട്ട പഠനമാണ്.











0 comments