ad
Deshabhimani

ദക്ഷിണാഫ്രിക്കയിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തം; കൂട്ടത്തോടെ തിരിച്ചയക്കാൻ നീക്കം

South Africa Protest

ഡർബനിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ബാനറുമായി മാർച്ചിൽ പങ്കെടുക്കുന്ന പ്രതിഷേധക്കാർ | Photo by RAJESH JANTILAL / AFP

വെബ് ഡെസ്ക്

Published on Jul 01, 2026, 12:47 PM | 2 min read

ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ അനധികൃത കുടിയേറ്റത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും കുറ്റകൃത്യങ്ങൾക്കും കാരണം അതിർത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ചാണ് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നത്. ജനരോഷം ശക്തമായതോടെ അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കൂട്ടത്തോടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ദക്ഷിണാഫ്രിക്കൻ സർക്കാർ വേഗത്തിലാക്കി.


പ്രതിഷേധങ്ങൾ പലയിടങ്ങളിലും അക്രമാസക്തമായതോടെ പ്രധാന നഗരങ്ങളിലും അതിർത്തി പ്രദേശങ്ങളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ കൂടുതലായി താമസിക്കുന്ന മേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.


അനധികൃത കുടിയേറ്റം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിപക്ഷ പാർട്ടികളും പ്രാദേശിക സംഘടനകളും തെരുവിലിറങ്ങിയത്. ഇതേത്തുടർന്ന് സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള അതിർത്തികളിൽ ദക്ഷിണാഫ്രിക്കൻ ബോർഡർ മാനേജ്‌മെന്റ് അതോറിറ്റി പരിശോധന കർശനമാക്കിയിട്ടുണ്ട്. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന ആയിരക്കണക്കിന് വിദേശികളെ ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.


2008ലുണ്ടായ കുടിയേറ്റ വിരുദ്ധ അക്രമങ്ങൾക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. രേഖകളില്ലാത്ത കുടിയേറ്റക്കാർ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ തയ്യാറാകുന്നത് വഴി ദക്ഷിണാഫ്രിക്കക്കാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണെന്നും, കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പ്രശ്നങ്ങൾക്ക് കാരണം ഇവരാണെന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം.


അനധികൃത കുടിയേറ്റം ദക്ഷിണാഫ്രിക്കയിൽ ലഹരിമരുന്നുകളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് പ്രതിഷേധക്കാരുടെ നേതാക്കന്മാരിലൊരാൾ ആരോപിച്ചു. പ്രതിഷേധങ്ങൾ കാരണം നിരവധി കുടിയേറ്റക്കാർ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വാഹന സൗകര്യം തേടുന്നുണ്ട്. പ്രധാനമായും അയൽരാജ്യങ്ങളായ സിംബാബ്‌വെ, മലാവി എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ച് തങ്ങളുടെ എംബസികളിലും കോൺസുലേറ്റുകളിലും ഒത്തുകൂടി. കുടിയേറ്റക്കാരുമായി ബസുകൾ ദക്ഷിണാഫ്രിക്ക വിട്ടതോടെ സിംബാബ്‌വെ അതിർത്തിയിലെ ബെയ്റ്റ്‌ബ്രിഡ്ജ് ചെക്ക്‌പോസ്റ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഗതാഗതത്തിരക്കാണ് അനുഭവപ്പെട്ടത്. ഡർബനിലെ താൽകാലിക പുനരധിവാസ കേന്ദ്രത്തിൽ നിന്ന് ആയിരക്കണക്കിന് മലാവി പൗരന്മാരും സ്വദേശത്തേക്ക് മടങ്ങി.


കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ നൈജീരിയൻ കുടിയേറ്റക്കാരുടെ മൂന്ന് സംഘങ്ങളാണ് ഈ മാസം നൈജീരിയയിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച ലാഗോസിൽ എത്തിയ 271 പേരും ഇതിൽ ഉൾപ്പെടുന്നു. സന്നദ്ധ പുനരധിവാസത്തിനായി രജിസ്റ്റർ ചെയ്ത ആയിരത്തിലധികം പേരിൽ 632 നൈജീരിയക്കാരെ ഇതുവരെ തിരികെ നാട്ടിലെത്തിച്ചിട്ടുണ്ടെന്നും വരുന്ന ദിവസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ പ്രതീക്ഷിക്കുന്നതായും നൈജീരിയൻ അധികൃതർ അറിയിച്ചു.


തൊഴിലില്ലായ്മ, അസമത്വം, തകർച്ച നേരിടുന്ന പൊതുസേവനങ്ങൾ എന്നിവയുടെ പേരിൽ കുടിയേറ്റക്കാരും അഭയാർത്ഥികളും തമ്മിൽ കുറ്റപ്പെടുത്തപ്പെടുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ സൗത്ത് ആഫ്രിക്ക വ്യക്തമാക്കി. ഈ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം മുൻപുണ്ടായിരുന്ന വർണ്ണവിവേചനത്തിന്റെ ആഘാതവും നിലനിൽക്കുന്ന അസമത്വവും അഭയാർത്ഥി സമ്പ്രദായത്തിലെ പാളിച്ചകളുമാണെന്ന് ആംനസ്റ്റി അഭിപ്രായപ്പെട്ടു.


അതേസമയം കുടിയേറ്റക്കാർക്കെതിരെയുള്ള അതിക്രമങ്ങളിലും കൂട്ടത്തോടെയുള്ള തിരിച്ചയക്കൽ നടപടികളിലും മനുഷ്യാവകാശ സംഘടനകൾ ആശങ്ക രേഖപ്പെടുത്തി. ദാരിദ്ര്യവും ആഭ്യന്തര കലാപങ്ങളും കാരണമാണ് പലരും അയൽരാജ്യങ്ങളിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് അഭയം തേടിയെത്തുന്നത്. ഇവരെ കൃത്യമായ നിയമനടപടികൾ പാലിക്കാതെ നിർബന്ധപൂർവ്വം തിരിച്ചയക്കുന്നത് വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയാകുന്ന തരത്തിലുള്ള അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ദക്ഷിണാഫ്രിക്കൻ ഭരണകൂടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home