ഇനി മുന്നിൽ മെസി മാത്രം! ലോകകപ്പ് ഗോളുകളിൽ റെക്കോഡ് വേട്ടയുമായി എംബാപ്പെ

ന്യൂയോർക്ക്: വിശ്വവേദിയിൽ എംബാപ്പെയോളം തിളങ്ങിയ മറ്റൊരു താരം ഇൗ പതിറ്റാണ്ടിലില്ല. 2018 റഷ്യൻ ലോകകപ്പിൽ ഫൈനലിൽ ഉൾപ്പെടെ ഏഴ് കളിയിൽ നാല് ഗോൾ. ടൂർണമെന്റിന്റെ ഭാവിവാഗ്‌ദാനമായി. 2022 ഖത്തറിൽ കിരീടപ്പോരിൽ അർജന്റീനയെ വിറപ്പിച്ച ഹാട്രിക് ഉൾപ്പെടെ നേട്ടം എട്ടാക്കി. സുവർണ പാദുകവുമായാണ് മടങ്ങിയത്. നാല് വർഷങ്ങൾക്കിപ്പുറവും ആ കാലുകൾ ഗോളൊഴുക്കികൊണ്ടേയിരിക്കുന്നു. മിന്നൽ നീക്കത്തിനും വേഗത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ല. അവിശ്വസനീയമായ ഗോളുകൾ നേടികൊണ്ടിരിക്കുന്നു.
ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസി മാത്രമാണ് ഇനി എംബാപ്പെയ്ക്ക് മുന്നിൽ. ആറ് ലോകകപ്പിലായി 29 മത്സരങ്ങളിൽ നിന്ന് മെസി 19 ഗോൾ സ്വന്തമാക്കിയപ്പോൾ മൂന്ന് ലോകകപ്പുകളിലെ 18 മത്സരങ്ങളിൽ നിന്ന് 18 ഗോളുമായി പട്ടികയിൽ രണ്ടാമതെത്താൻ താരത്തിന് കഴിഞ്ഞു. 2014ൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെ കുറിച്ച 16 ഗോളിന്റെ റെക്കോഡ് മറികടക്കാൻ അർജന്റീനൻ ക്യാപ്റ്റന് പത്ത് വർഷമെടുത്തു. എന്നാൽ മെസിയുടെ റെക്കോഡ് ഈ ലോകകപ്പിൽ തന്നെ എംബാപ്പെ തിരുത്തുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.
ആദ്യ രണ്ട് ഗ്രൂപ്പ് മത്സരത്തിലും ഇരട്ട ഗോള്‍ നേടിയ താരം, റൗണ്ട് ഓഫ് 32ൽ സ്വീഡനെതിരെ ഇരട്ട ഗോൾ നേടിയാണ് കുതിപ്പ് തുടര്‍ന്നത്. ഈ ലോകകപ്പിൽ ആറു ഗോളുകളായി. ഇതോടെ നോക്കൗട്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായും എംബാപ്പെമാറി. പത്ത് ഗോളുകളാണ് താരം നോക്കൗട്ട് റൗണ്ടിൽ നേടിയത്. എട്ടുഗോൾ നേടിയ മുൻ ബ്രസീലിയൻ താരം റൊണാൾഡോയെയാണ് മറികടന്നത്.
ലോകകപ്പ് ഗോൾഡൻ ബൂട്ട് മത്സരത്തിലും മെസിയും എംബാപ്പെയും ഒപ്പത്തിനൊപ്പമാണ്. മൂന്ന് കളിയിൽ നിന്ന് മെസിക്ക് ആറുഗോളുകളാണുള്ളത്. നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ട് അഞ്ചുഗോളുകളുമായി മൂന്നാമതുണ്ട്.
എംബാപ്പെയുടെ ലോകകപ്പ് ഗോളുകൾ
1– 2018 (പെറു)
2– 2018 (അർജന്റീന)
3– 2018 (അർജന്റീന)
4– 2019 (ക്രൊയേഷ്യ)
5– 2022 (ഓസ്‌ട്രേലിയ)
6– 2022 (ഡെൻമാർക്ക്)
7– 2022 (ഡെൻമാർക്ക്)
8– 2022 (പോളണ്ട്)
9– 2022 (പോളണ്ട്)
10– 2022 (അർജന്റീന)
11– 2022 (അർജന്റീന)
12– 2022 (അർജന്റീന)
13– 2026 (സെനെഗൽ)
14– 2026 (സെനെഗൽ)
15– 2026 (ഇറാഖ്)
16– 2026 (ഇറാഖ്)
17- 2026 (സ്വീഡൻ)
18- 2026 (സ്വീഡൻ)











0 comments