കടലോര വേലിയേറ്റം സംസ്ഥാന സവിശേഷ ദുരന്തം : നിബന്ധനകളായി

വൈപ്പിൻ
കടലോര വേലിയേറ്റം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിനു പിന്നാലെ സഹായത്തിന് അർഹതയ്‌ക്കുള്ള നിബന്ധനകൾ പുറത്തിറക്കിയതായി കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ അറിയിച്ചു.
സംസ്ഥാന, ദേശീയ ദുരന്ത പ്രതികരണ നിധികളിൽനിന്ന് സഹായം ലഭിക്കാൻ അർഹമായ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത സംസ്ഥാന - സവിശേഷ ദുരന്തങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ (എസ്‌ഡിആർഎഫ്) വാർഷിക ഫണ്ട് വിനിയോഗത്തിന്റെ 10 ശതമാനം പരിധിക്കുള്ളിൽനിന്ന് സഹായം നൽകാവുന്നതാണെന്ന് വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം വ്യക്തമാക്കിയതായി എംഎൽഎ അറിയിച്ചു.
ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 2(ഡി) പ്രകാരം, കടൽവെള്ള ഉയർച്ചമൂലമുണ്ടാകുന്ന പ്രളയം ഒരു സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ജീവഹാനി, ഉപജീവന നഷ്ടം, വാസസാഹചര്യങ്ങളുടെ തകർച്ച എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നുവെങ്കിൽ അവ ദുരന്തമായി കണക്കാക്കാം.
തീരസംരക്ഷണ നിയമപ്രകാരമുള്ള വേലിയേറ്റ രേഖ കടന്ന് കരയിലേക്ക് വെള്ളം കയറുന്നത് അപകടകരമായ കടൽ കയറലായി കണക്കാക്കും. വൈപ്പിൻ പ്രദേശങ്ങളിൽ കടൽവെള്ളം കയറുന്നതുമൂലമുള്ള വേലിയേറ്റ പ്രളയം പതിവായി സംഭവിക്കുന്നുണ്ട്. ഇതുവഴി വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും വ്യാപകമായ നാശനഷ്ടമുണ്ടാകുന്നു.
മത്സ്യത്തൊഴിലാളികൾ, തീരദേശ കർഷകർ, തീരദേശവാസികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ ജീവിതത്തെയും ഉപജീവനത്തെയും വാസസാഹചര്യങ്ങളെയും നേരിട്ട് ബാധിക്കുന്ന ഗൗരവമായ ഒരു പ്രതിഭാസമാണിത്. ഇത് സംസ്ഥാനത്ത് ദുരന്തനിവാരണ നിയമത്തിലെ “ദുരന്തം” എന്ന നിർവചനത്തിനുള്ളിൽപ്പെടും.










0 comments