ad
Deshabhimani

പഠനത്തിൽ മിടുക്കി; സമരം ചെയ്‌തതിന്‌ പുറത്താക്കി; മൂന്നാംനിലയിൽനിന്ന് ചാടിയത് പ്രിൻസിപ്പൽ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ

Student Suicide

അൻസിജി

വെബ് ഡെസ്ക്

Published on Aug 17, 2026, 08:36 AM | 1 min read

കന്യാകുമാരി/ വെള്ളറട: പഠനത്തിലെന്നും മുൻപന്തിയിലായിരുന്ന അൻസിജി (21)യുടെ അപ്രതീക്ഷിത വേർപാടിൽ സങ്കടത്തുരുത്തായി നാട്‌. നിറയെ സ്വപ്നങ്ങളുമായി പടവുകൾ നടന്നുകയറിയ മിടുക്കിയുടെ യാത്ര പാതിവഴിയിൽ അവസാനിച്ചതിന്റെ വേദനയിലാണ്‌ വീട്ടുകാരും കത്തിപാറ ഗ്രാമവും. എംജിആർ യൂണിവേഴ്‌സിറ്റിക്കുകീഴിലുള്ള കന്യാകുമാരി കരിങ്കൽ ബഥ്‌ലഹേം കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനിയായിരുന്നു.


പത്താം ക്ലാസിലും പ്ലസ്ടുവിലും ഉയർന്ന മാർക്കോടെ ഉജ്വല വിജയം നേടിയാണ് നഴ്സിങ് കോളേജിൽ പ്രവേശനം നേടിയത്. സർവകലാശാല പരീക്ഷയിലും 75 ശതമാനത്തിലേറെ മാർക്കോടെ മികച്ച വിജയം നേടി.


കെഎസ്ആർടിസിയിലെ താൽക്കാലിക കണ്ടക്ടറായ അനിൽ രാജിന്റെയും സ്വകാര്യ ബാങ്ക് ജീവനക്കാരിയായ സോണിയയുടെയും മൂത്ത മകളാണ്‌. അധികൃതരുടെ മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. വൻതുക ഫീസ്‌ നൽകി പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് പെൺകുട്ടിയുടെ ജീവനെടുത്തത്.


ഭക്ഷണം മോശമായതിന്‌ സമരം ചെയ്‌തുവെന്നുപറഞ്ഞ്‌ 15 ദിവസം കോളേജിൽനിന്ന്‌ പുറത്താക്കിയിരുന്നു. 50,000 രൂപ പിഴയടപ്പിച്ചശേഷമാണ്‌ തിരിച്ചെടുത്തത്‌. അതിനുശേഷം വിവിധ കാരണങ്ങളുണ്ടാക്കി നിരന്തരം പീഡിപ്പിക്കുമായിരുന്നു. 14ന് കോളേജിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചുവെന്നാരോപിച്ച്‌ പ്രിൻസിപ്പൽ അൻസിജിയെ മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് പരസ്യമായി അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത്‌ കോളേജ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നുമാണ് ആരോപണം.


ഗുരുതരമായി പരിക്കേറ്റ അൻസിജിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. കാൽവഴുതി വീണുവെന്നാണ്‌ ആശുപത്രിയിലും വീട്ടുകാരെയും അറിയിച്ചത്‌. വിവരമറിഞ്ഞ്‌ തങ്ങൾ ആശുപത്രിയിലെത്തുമ്പോൾ കോളേജ്‌ അധികൃതർ ആരും കൂടെയുണ്ടായിരുന്നില്ലെന്നും അച്ഛൻ അനിൽ രാജ്‌ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌.


മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരിങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ ഷീജയ്ക്കും കോളേജ് മാനേജ്മെന്റിനുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home