ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടി വിലക്കി കണ്ണൂർ വി സി; നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് എസ്എഫ്ഐ

ഐഷി ഘോഷ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് വിലക്ക്. പാലയാട് കാമ്പസിൽ നിശ്ചയിച്ച ഷീ ഫെസ്റ്റിനാണ് വൈസ് ചാൻസലർ അനുമതി നൽകാത്തത്. എന്നാൽ ഷീ ഫെസ്റ്റ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് എസ്എഫ്ഐ ഭാരവാഹികൾ അറിയിച്ചു.
തിങ്കളാഴ്ച കാമ്പസിലെ സെമിനാർ ഹാളിൽ പരിപാടി നടത്താനായിരുന്നു സർവകലാശാല യൂണിയൻ നിശ്ചയിച്ചത്. എന്നാൽ ഞായർ ഏറെ വൈകി, രജസിട്രാറുടെയോ വി സിയുടെയോ അനുമതിയില്ലാത്തതിനാൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് കാമ്പസ് ഡയറക്ടർ വിദ്യാർഥി യൂണിയന് ഇമെയിൽ അയച്ചു. കൊടിതോരണങ്ങളും ബാനറുകളും അടിയന്തരമായി മാറ്റണമെന്നും കാമ്പസ് ഡയറക്ടർ ആവശ്യപ്പെട്ടു.
എന്നാൽ സർവകലാശാലയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ അറിയിച്ചു. ഡൽഹി ജന്തർമന്തറിലെ യുവജന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന ഐഷി ഘോഷ് വരുന്നതാണ് വി സിയെ ചൊടിപ്പിച്ചത്. വിദ്യാർഥി യൂണിയന് പരിപാടി നടത്താൻ മുൻകൂർ അനുമതി വേണ്ടെന്ന തീരുമാനം നേരത്തെ വി സിയുമായുള്ള ചർച്ചയിൽ എടുത്തതാണെന്നും, ഷീ ഫെസ്റ്റുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ അറിയിച്ചു.









0 comments