25 വർഷത്തെ ത്യാഗത്തിന് ശേഷം ഇനി ജീവിതം ആസ്വദിക്കണം: റൊണാൾഡോ

ലിസ്ബൺ: ഫുട്ബോളിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് വ്യക്തമായ പദ്ധതികളുണ്ടെന്ന് പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 25 വർഷത്തെ കരിയറിൽ ഒരുപാട് ത്യാഗങ്ങൾ സഹിച്ചെന്നും, ഇനി താനും കുടുംബവും നേടിയ നേട്ടങ്ങൾ ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പോർച്ചുഗീസ് സൂപ്പർതാരം പറഞ്ഞു
41കാരനായ റൊണാൾഡോ വിവാഹത്തിന് മുന്നോടിയായി വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിരമിക്കൽ സൂചന നൽകിയത് . “ഇത് ഒരുപക്ഷേ എന്റെ അവസാന ഫുട്ബോൾ വർഷമായിരിക്കും. ഗംഭീരമായ ഒരു പാരമ്പര്യം ബാക്കിവെക്കാനാണ് ആഗ്രഹം,” റൊണാൾഡോ പറഞ്ഞു.
പ്രൊഫഷണൽ കരിയറിൽ 1,000 ഗോളുകൾ എന്ന ചരിത്രനേട്ടം ലക്ഷ്യമിടുന്ന റൊണാൾഡോ നിലവിൽ 976 ഗോളുകളിലാണ്. തന്റെ സീനിയർ കരിയറിലെ 24-ാം സീസണിലേക്കാണ് താരം കടക്കുന്നത്. സൗദി പ്രോ ലീഗ് ക്ലബായ അൽ-നസ്റിനായി കളിക്കുന്ന റൊണാൾഡോ, 2026 ഫിഫ ലോകകപ്പിലും പോർച്ചുഗലിനായി കളിച്ചിരുന്നു.
ഭാവിയെക്കുറിച്ചും റൊണാൾഡോ തുറന്നുപറഞ്ഞു. ഫുട്ബോളിന് ശേഷം യാത്ര ചെയ്യാനും പാഡൽ കളിക്കാനും കാണാനും കൂടുതൽ സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. 25 വർഷത്തെ ത്യാഗങ്ങൾക്കു ശേഷം താനും കുടുംബവും നേടിയ നേട്ടങ്ങൾ ആസ്വദിക്കണമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
റൊണാൾഡോയുടെ കരിയറിന് വിരാമമാകുമെന്ന സൂചന വലിയ വാർത്തയായിരിക്കെ, 1,000 ഗോൾ പൂർത്തിയാക്കി പടിയിറങ്ങുമോ എന്നാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്









0 comments