ഒരാഴ്ചയിൽ 31 ശതമാനം അധികമഴ

കൊച്ചി
ജില്ലയിൽ മഴ തകർക്കുന്നു. ജൂൺ ഒന്നുമുതൽ ഏഴുവരെയുള്ള കണക്കുപ്രകാരം 31 ശതമാനം അധിക മഴയാണ് ജില്ലയിൽ ലഭിച്ചത്. 146.3 മില്ലിമീറ്റർ മഴയാണ് സാധാരണഗതിയിൽ ലഭിക്കേണ്ടത്. എന്നാൽ, പെയ്‌തതാകട്ടെ, 192.2 മില്ലിമീറ്റർ.
തോടുകളിലും പുഴകളിലും കിണറുകളിലും ഉൾപ്പെടെ ജലനിരപ്പ് ഉയരുകയാണ്. നദികളിലും തോടുകളിലും ഒഴുക്കിന് വേഗംകൂടി. മഴക്കാലരോഗങ്ങൾ ജില്ലയിൽ ക്രമാതീതമായി കൂടുകയാണ്. ഇതിനുപുറമേ കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതുമെല്ലാം ജലാശയ അപകടങ്ങളുടെ ഭീഷണിയും സൃഷ്ടിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷൻ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങൾ മഴക്കാലപൂർവ ശുചീകരണത്തിൽ വരുത്തിയ അലംഭാവം വെള്ളക്കെട്ട് രൂപപ്പെടാനും തോടുകൾ കരകവിയാനുമുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
നദിക്കരകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. ഒരുകാരണവശാലും നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. ജലാശയങ്ങൾക്കുമുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായി ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോരമേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴമുന്നറിയിപ്പ് മാറുന്നതുവരെ പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്.
ജലാശയങ്ങളോടുചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റപ്പണി നടക്കുന്ന റോഡുകളിലും കരുതൽ വേണം. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽക്കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
ഞായറാഴ്‌ച ജില്ലയിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കാം. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.










0 comments