ടിക്കറ്റ് നിരക്ക് കൂടും
ജലമെട്രോയ്ക്ക് സർക്കാരിന്റെ കെണി

കൊച്ചി
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ച് രാജ്യത്തിന്റെയാകെ ശ്രദ്ധനേടിയ ജലമെട്രോയെ യുഡിഎഫ് സർക്കാർ കൈയൊഴിയുന്നു. പ്രവർത്തനസഹായ ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് ഇറക്കിയ ഉത്തരവിലാണ് അട്ടിമറി സൂചന.
ടിക്കറ്റ് വർധിപ്പിക്കൽ ഉൾപ്പെടെ നടപടികളിലൂടെയാണെങ്കിലും ഭാവിയിൽ ജലമെട്രോയ്ക്ക് ആവശ്യമായ പ്രവർത്തനഫണ്ട് സ്വന്തമായി കണ്ടെത്തണമെന്നാണ് ഉത്തരവിൽ പറയുന്നത്.
ജലമെട്രോയുടെ മുന്നോട്ടുള്ള കുതിപ്പിനും യാത്രികർക്കും പ്രയാസമുണ്ടാക്കുന്ന മൂന്ന് നിബന്ധനകളാണ് ഉത്തരവിലുള്ളത്.
ടിക്കറ്റ് നിരക്ക് പുനർനിർണയിക്കാൻ ഉന്നതതല സമിതി ശുപാർശ ചെയ്ത പഠനത്തിന് മുൻകൈയെടുത്ത് പൂർത്തിയാക്കി നടപടിയെടുക്കുക, ടിക്കറ്റ് ഇതര വരുമാനം ഉൾപ്പെടെ ഉയർത്താൻ നടപടി സ്വീകരിക്കുക, ഭാവിയിൽ പ്രവർത്തനസഹായത്തിനായുള്ള അപേക്ഷ നൽകുന്പോൾ ജലമെട്രോയ്ക്ക് ലഭിച്ച വരുമാനം, പ്രവർത്തന ചെലവ്, വരുമാനം കൂട്ടാൻ സ്വീകരിച്ച നടപടികൾ, ടിക്കറ്റ് നിരക്ക് പുനർനിർണയ പഠനത്തിലെ പുരോഗതി എന്നിവയുടെ വിശദാംശങ്ങൾ അറിയിക്കുക എന്നീ നിബന്ധനകളാണ് ഉത്തരവിലുള്ളത്.
ജലമെട്രോയുടെ അഭ്യർഥനപ്രകാരം 8.88 കോടിയുടെ പ്രവർത്തനസഹായ ഫണ്ട് സർക്കാർ അനുവദിച്ചതിനൊപ്പമാണ് ഇതുവരെയില്ലാത്ത നിബന്ധന.
ടിക്കറ്റ് നിരക്ക് പുനർനിർണയിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ഉയർന്ന യാത്രാനിരക്ക് നടപ്പാക്കാൻതന്നെയാണ് നിർദേശിച്ചിട്ടുള്ളതെന്ന് വ്യക്തം. അതുവഴി ജലമെട്രോയുടെ പ്രധാന ആകർഷണം നഷ്ടമാകും. ജലമെട്രോയെ ആശ്രയിക്കുന്ന തൊഴിലാളികൾ, ജീവനക്കാർ, വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ യാത്രക്കാരും പ്രതിസന്ധിയിലാകും. സർക്കാർ നൽകിയിരിക്കുന്ന ലക്ഷ്യങ്ങൾ കൈവരിച്ചില്ലെങ്കിൽ തുടർ സഹായമുണ്ടാകില്ലെന്ന നിബന്ധനയിലൂടെ, നിരക്കുവർധന ഉൾപ്പെടെ നടപ്പാക്കാൻ ജലമെട്രോ നിർബന്ധിതമാകും.
തേവരയിൽ ഉൾപ്പെടെ ആറ് ജലമെട്രോ ടെർമിനലുകൾ നിർമിക്കാനുള്ള പദ്ധതി അടുത്തിടെ സർക്കാർ ഉപേക്ഷിച്ചിരുന്നു. തേവര, മൂലന്പിള്ളി, കോതാട്, ചെറിയംതുരുത്ത്, അമൃത, ആസ്റ്റർ ടെർമിനലുകൾ ഒഴിവാക്കിയാണ് ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്. ഇതടക്കം 38 ടെർമിനലുകൾ നിർമിക്കാനുള്ള പദ്ധതിക്ക് മുൻ എൽഡിഎഫ് സർക്കാർ ഭരണാനുമതി നൽകിയിരുന്നു.
കേന്ദ്രസർക്കാർ സഹായമില്ലാതെ മുൻ എൽഡിഎഫ് സർക്കാർ പൂർണ സംസ്ഥാന പദ്ധതിയായി ആരംഭിച്ചതാണ് ജലമെട്രോ. മൂന്നുവർഷത്തെ പ്രവർത്തനകാലത്തിനിടെ 80 ലക്ഷത്തോളംപേർ യാത്രചെയ്തുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ വാരാണസി മണ്ഡലത്തിൽ ഉൾപ്പെടെ പകർത്തിയ പദ്ധതി രാജ്യത്തെ 18 നഗരങ്ങളിൽ നടപ്പാക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.
മഹാനവമി ദിനത്തിൽ 15,507 യാത്രക്കാർ
കൊച്ചി
കൊച്ചി ജലമെട്രോയിൽ മഹാനവമി ദിനത്തിൽ യാത്ര ചെയ്തത് 15,507 പേർ. ഏറ്റവും കൂടുതൽ പേർ യാത്രചെയ്തത് ഹൈക്കോർട്ട്–- ഫോർട്ട്കൊച്ചി റൂട്ടിലാണ്. വിജയദശമി ദിനം 11,074 പേരും യാത്രചെയ്തു.
2025 ഡിസംബർ 28നാണ് ഏറ്റവും കൂടുതൽ പേർ യാത്രചെയ്തത് – 17,050 പേർ. 2023 ഡിസംബർ 31ന് 16,162 പേരും 2025 ഡിസംബർ 27ന് 15,518 പേരും യാത്ര ചെയ്തു. 2023 ഏപ്രിലിൽ സർവീസ് ആരംഭിച്ച് ഇതുവരെ 79,29,051 പേർ യാത്ര ചെയ്തു.









0 comments