പ്രമേഹബാധിതരെ സഹായിക്കാൻ മൊബൈൽ ആപ്

ഗ്ലൂക്കോ എഐ ആപ് നിർമിച്ച ബിബിൻ മോഹനും എം ടി സന്ദീപും
കൊച്ചി
പ്രമേഹരോഗികളെ സഹായിക്കാൻ നിർമിതബുദ്ധി (എഐ) ആപ്പ്. രോഗികളുടെ ഭക്ഷണക്രമീകരണത്തിനും യഥാസമയം മരുന്ന് കഴിക്കാനുള്ള അറിയിപ്പുമെല്ലാം നൽകുന്ന ‘ഗ്ലൂക്കോ എഐ’ മൊബൈൽ ആപ്പ് നിർമിച്ചിരിക്കുന്നത് യുവസംരംഭകരായ ആലങ്ങാട് കൊടുവഴങ്ങ സ്വദേശി ബിബിൻ മോഹനും ചെറായി സ്വദേശി എം ടി സന്ദീപും ചേർന്നാണ്.
ഭക്ഷണ, പാനീയങ്ങളുടെ ചിത്രം ആപ്പിലെടുത്താൽ അതിലെ കാർബോഹൈഡ്രേറ്റ്, പഞ്ചസാര, മറ്റു പോഷകങ്ങൾ എന്നിവയുടെ അളവും ഗ്ലൈസിമിക് ഇൻഡക്സും കണക്കാക്കി നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ് ഗ്ലൂക്കോ എഐ ആപ്പിന്റെ സവിശേഷത. ഇതിനനുസരിച്ച് രോഗികൾക്ക് ഭക്ഷണം ക്രമീകരിക്കാം. മരുന്ന് കഴിക്കാൻ സമയമാകുമ്പോൾ ആപ്പിൽ അറിയിപ്പും വരും.
ദിവസേനയുള്ള ഷുഗർ ലെവൽ, കഴിച്ച ഭക്ഷണം, മരുന്നിന്റെ അളവ് എല്ലാം ഇതിൽ സൂക്ഷിക്കാം. ആപ്പിൽ ഒന്നും ടൈപ്പ് ചെയ്ത് നൽകേണ്ട. അനായാസം കൈകാര്യം ചെയ്യാം. ടൈപ്പ് 1, 2 ഡയബറ്റിക്സ് ഉള്ളവർക്കും ഷുഗർ ലെവൽ ബോർഡറിലുള്ളവർക്കും ആപ്പ് പ്രയോജനപ്രദമാണ്. കേരളത്തിലെ ഉയർന്നുവരുന്ന പ്രമേഹരോഗികളുടെ എണ്ണം കണക്കിലെടുത്ത് സാധാരണക്കാർക്കുവരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ സഹായി ആകാനാണ് ഗ്ലൂക്കോ എഐ ശ്രമിക്കുന്നതെന്നും ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്നും ബിബിൻ മോഹനും സന്ദീപും പറഞ്ഞു. ലോക പ്രമേഹദിനത്തിൽ മന്ത്രി വി ഇ മന്ത്രി അബ്ദുൽ ഗഫൂർ ആപ്പ് ഉദ്‌ഘാടനം ചെയ്‌തു.









0 comments