എറണാകുളം ജനറല്‍ ആശുപത്രി
കാന്‍സര്‍ മരുന്നില്ലാതെ രോഗികള്‍ വലയുന്നു

കൂത്താട്ടുകുളത്തുനിന്ന് വെള്ളിയാഴ്ച ചികിത്സയ്ക്കെത്തിയ കാന്‍സര്‍ രോഗിക്ക് ഡോക്ടർ നൽകിയ കുറിപ്പടി. ഇതിലുള്ള മരുന്നുകള്‍ ഫാര്‍മസിയില്‍നിന്ന് ലഭിച്ചില്ല.
സിറിൾ രാധാകൃഷ്‌ണൻ
Published on Jul 25, 2026, 02:36 AM | 1 min read
കൊച്ചി
എറണാകുളം ജനറല്‍ ആശുപത്രി ഓങ്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ മരുന്ന് ലഭിക്കാതെ വലയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ദിവസവും 160 മുതല്‍ 200 വരെ രോഗികളാണ് ഈ വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ഇവിടെ ചികിത്സയ്ക്കെത്തിയവര്‍ക്ക് കുറിച്ചു നല്‍കിയ മരുന്നുകള്‍ ഓങ്കോളജി വിഭാഗത്തിലെ ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയിലും ലഭിച്ചില്ലെന്നാണ് പരാതി. വെള്ളിയാഴ്ചയും പല മരുന്നുകളും ലഭ്യമായില്ല.
ഓറല്‍ കീമോ മരുന്നായ കേപസീറ്റബിന്‍ 500 എംജി, അതിനോടനുബന്ധമായി കഴിക്കുന്ന ബെനഡോണ്‍ 40 എംജി, നെര്‍വോ ബൂസ്റ്റ് പ്ലസ്, ഡാന്റിന്‍ 40 എന്നിവയാണ് പ്രധാനമായി ലഭിക്കാതെ വന്നത്. ഇതില്‍ കേപസീറ്റബിന്‍, കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയാൻ രോഗികള്‍ കഴിക്കുന്ന പ്രധാന മരുന്നാണ്. വെള്ളിയാഴ്ച നിരവധി രോഗികളാണ് മരുന്ന് ലഭിക്കാതെ മടങ്ങിയത്. ഇതില്‍ അതിഗുരുതരാവസ്ഥയിലുള്ള രോഗികളും ഉള്‍പ്പെടും.
ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ളതുള്‍പ്പെടെയുള്ള മരുന്നുകളുടെ കുറവുണ്ടെന്നും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നും സൂപ്രണ്ട് ഡോ. കെ എന്‍ സതീഷ് പറഞ്ഞു. ജന്‍ ഔഷധി, നീതി, കണ്‍സ്യൂമര്‍ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നാണ് കാന്‍സറിനുള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങുന്നതെന്നും നിലവില്‍ ഇവിടെനിന്ന് സപ്ലൈയില്ലാത്ത മരുന്നുകള്‍ എച്ച്ഡിഎഫ് ഫണ്ടുപയോഗിച്ച് വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.









0 comments