ad
Deshabhimani

ആശുപത്രി, സ്കൂൾ, ക്ഷേമ സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക് മുൻഗണന

വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കും

gas
വെബ് ഡെസ്ക്

Published on Mar 18, 2026, 01:56 AM | 1 min read

കൊച്ചി

ജില്ലയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന്‌ കലക്ടർ ജി പ്രിയങ്ക പറഞ്ഞു. ഇന്ധനക്കമ്പനി പ്രതിനിധികളെയും വിതരണക്കാരെയും ഉപയോക്താക്കളെയും പങ്കെടുപ്പിച്ച്‌ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന്‌ നിലവിലെ സാഹചര്യം വിലയിരുത്തി. മുൻഗണനാ അടിസ്ഥാനത്തിൽ ആശുപത്രികൾ, സ്കൂളുകൾ, സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽവരുന്ന ക്ഷേമസ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക് സിലിണ്ടറുകൾ ലഭ്യമാക്കണമെന്ന് കലക്ടർ നിർദേശിച്ചു.


സിലിണ്ടർ വിതരണം സുഗമമാക്കാൻ കേരള എൽപിജി സപ്ലൈ ട്രാക്കർ എന്ന പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഇന്ധനക്കമ്പനി പ്രതിനിധികൾ, വിതരണക്കാർ, ഉപയോക്താക്കൾ എന്നിവർക്ക് പോർട്ടലിൽ പ്രവേശനമുണ്ടാകും. കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുൻഗണനാക്രമം നിശ്ചയിച്ച് സിലിണ്ടറുകൾ അനുവദിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ ഉൽപ്പാദനം നിശ്ചിതശതമാനം വർധിപ്പിക്കാനും പോർട്ടലിലൂടെ ലഭ്യമായ ആവശ്യകതയുടെ അടിസ്ഥാനത്തിൽ വിതരണം ആരംഭിക്കാനും പൊതുവിതരണവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.


എൽപിജി വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഏഴ് താലൂക്കുകളിലായി ഒമ്പത് സ്‌ക്വാഡുകൾ വിന്യസിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ 100 കിലോഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം കേസുകളിൽ അവശ്യസാധന നിയമപ്രകാരം കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.


ഇത്തരം കേസുകളിലും നടപടി സ്വീകരിക്കും. അവധിദിവസങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട മോണിറ്ററിങ്‌ സെല്ലുകൾ ജില്ലാ സപ്ലൈ ഓഫീസുകളിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രവർത്തിക്കുന്നുണ്ട്‌. യോഗത്തിൽ കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ് കാളിരാജ് മഹേഷ്‌-കുമാറും ജില്ലാ സപ്ലൈ ഓഫീസർ എസ് ആർ സ്മിതയും മറ്റ്‌ ഉദ്യോഗസ്ഥരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home