ad
Deshabhimani

പുഞ്ചത്തോട്

കോരിമാറ്റി കരയിലിട്ട മാലിന്യം 
നീക്കാതെ കൊച്ചി നഗരസഭ

Garbage

പൊന്നുരുന്നി പുഞ്ചത്തോടിൽ ഐഷ റോഡ് ഭാഗത്തുള്ള കള്‍വർട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം കരാറുകാരൻ കോരി ബൈപാസിലെ സർവീസ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 02:23 AM | 2 min read

കൊച്ചി

പൊന്നുരുന്നി പുഞ്ചത്തോടിൽ ഐഷ റോഡ് ഭാഗത്തുള്ള കള്‍വർട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം കരാറുകാരൻ കോരിയെടുത്ത് ബൈപ്പാസിലെ സർവീസ് റോഡരികിൽ കൂട്ടിയിട്ടിട്ട് ഒരാഴ്ചയായി. കൊച്ചി കോർപറേഷനിലെ ആരോഗ്യവിഭാഗവും എൻജിനീയറിങ് വിഭാഗവും തമ്മിലുള്ള തർക്കം മൂലം ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.

തമ്മനം ഡിവിഷന്‍, പൊന്നുരുന്നി ഈസ്റ്റ് ഡിവിഷന്‍ എന്നിവയുടെ അതിർത്തി പങ്കിടുന്നതാണ് ഈ തോട്. ഇവിടെ നിന്നും നീക്കം ചെയ്ത മാലിന്യം കരാറുകാരൻ ഡിവിഷൻ മാറി പൊന്നുരുന്നി ഈസ്റ്റ് ഡിവിഷനിൽ കോരിയിട്ടതാണ് തർക്കത്തിന് കാരണം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ എത്രയും വേഗം ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.



തൃക്കാക്കരയിൽ മഴക്കാലപൂർവശുചീകരണം പ്രതിസന്ധിയിൽ

കാക്കനാട്

മഴക്കാലം പടിവാതിലിൽ എത്തിനിൽക്കെ തൃക്കാക്കര നഗരസഭാപരിധിയിൽ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ ഗുരുതരപ്രതിസന്ധിയിൽ. നഗരസഭയിലെ 48 വാർഡുകളിലായി നിലവിൽ 38 ആശാവർക്കർമാർ മാത്രമാണ് സേവനത്തിലുളളത്. ഒരാൾക്ക് തന്നെ മൂന്നും നാലും വാർഡുകളുടെ ചുമതല വഹിക്കേണ്ടിവരുന്ന സാഹചര്യം മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങളെയും രോഗപ്രതിരോധനടപടികളെയും താറുമാറാക്കി.


കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നഗരസഭയിൽ 43 വാർഡുകളുണ്ടായിരുന്നപ്പോ‍ൾ അഞ്ച് ആശാവർക്കർമാരുടെ കുറവുണ്ടായിരുന്നു. പിന്നീട് വാർഡുകളുടെ എണ്ണം ഉയർന്നെങ്കിലും പുതിയ നിയമനങ്ങൾ നടത്തിയില്ല.


ഒരു വാർഡിൽ ഒരു ആശാവർക്കർ എന്ന അടിസ്ഥാനക്രമീകരണം പോലും നിലവിലില്ലാത്തതിനാൽ നിലവിലുള്ള ജീവനക്കാർക്ക് എല്ലാ മേഖലകളിലും സമയബന്ധിതമായി എത്താനാകാത്ത അവസ്ഥയാണ്. മഴക്കാല ബോധവത്കരണം, വീടുതോറുമുള്ള പരിശോധന, കൊതുകുവ്യാപനം തടയൽ, മാലിന്യനിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതുമൂലം കാര്യക്ഷമമാകുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഒഴിഞ്ഞ 10 തസ്തികകളിലേക്ക് നിരവധി അപേക്ഷ നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും നിയമന നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപവുമുണ്ട്.

അതേസമയം, ആറുമാസത്തിലൊരിക്കൽ വീടുകളിൽനിന്ന് ശേഖരിക്കേണ്ട അജെെവമാലിന്യങ്ങളായ കുപ്പിച്ചില്ലുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ, ബൾബുകൾ എന്നിവയുടെ ശേഖരണവും നഗരസഭയിൽ നിലച്ചിരിക്കുകയാണ്. സമീപ നഗരസഭകളിൽ ഈ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുമ്പോൾ തൃക്കാക്കരയിലെ അനാസ്ഥ പകർച്ചവ്യാധി ഭീഷണി വർധിപ്പിക്കുന്നുവെന്ന ആശങ്ക ശക്തമാണ്.


ഒഴിവുള്ള വാർഡുകളിൽ ആശാവർക്കർമാരെ എത്രയുംവേഗം ഭരണസമിതി നിയമിക്കണമെന്നും മഴക്കാലത്തിന് മുമ്പായി കെട്ടിക്കിടക്കുന്ന അജൈവമാലിന്യം നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് സി പി സാജൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home