18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ 5 പേർ പിടിയിൽ

അബു താഹിർ, ഹരികൃഷ്ണൻ, പ്രെസ്ജിത്ത്, ശ്രീജേഷ്, പി സഞ്ജയ്
കൊച്ചി
പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദന്പതികൾ പിടിയിലായ കേസിൽ അഞ്ചുപേർകൂടി അറസ്‌റ്റിൽ. ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളായ പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാംതൊടി പി സഞ്ജയ് (22) എന്നിവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടിയത്.
മുഖ്യസൂത്രധാരൻ അബു താഹിറിനെ ബംഗളൂരുവിൽനിന്നാണ് അറസ്‌റ്റ് ചെയ്‌തത്. തായ്‌ലൻഡിലെ വിവിധ വിമനത്താവളങ്ങൾവഴിയാണ് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്നത്. പ്രതികളിൽനിന്ന് മൊബൈൽ ഫോണുകൾ, ബാങ്ക് ഇടപാട് രേഖകൾ, വിദേശയാത്രാരേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
അബു താഹിറും ഹരികൃഷ്ണനുമാണ് തായ്‌ലൻഡിലേയ്‌ക്ക് ടൂറിസ്‌റ്റ് വിസയും ടിക്കറ്റും പ്രതിഫലവും നൽകി ഏജന്റുമാരെ അയച്ചിരുന്നത്.
അവർ തിരികെയെത്തുമ്പോൾ ഹൈബ്രിഡ് കഞ്ചാവുമായി വരും. ഇത് വിമാനത്താവളത്തിന് പുറത്തുവച്ച് സംഘം വാങ്ങി വിൽപ്പന നടത്തുകയായിരുന്നു പതിവ്.
17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവർ നേരത്തേ പിടിയിലായിരുന്നു.
അന്വേഷകസംഘത്തിൽ പെരുമ്പാവൂർ എഎസ്‌പി ഹർദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, ആദർശ്, അബ്ദുൾ ജലീൽ, സി എ ഇബ്രാഹിംകുട്ടി തുടങ്ങിയവരാണുണ്ടായിരുന്നത്.











0 comments