print edition മെസി കിക്ക് 19

ഡാലസ്: ലയണൽ മെസിയുടെ മികവിൽ വീണ്ടും അർജന്റീന. ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ ജോർദാനെ 3–1നാണ് ലോക ചാമ്പ്യൻമാർ കീഴടക്കിയത്. പകരക്കാരനായെത്തിയ മെസി മനോഹരമായ -്രഫീകിക്കിലൂടെ ലക്ഷ്യം കണ്ടു. ആറാം ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാംസ്ഥാനത്ത് ലീഡുയർത്തി. ആറ് ലോകകപ്പിലായി 19 ഗോൾ. ലോകകപ്പിൽ തുടർച്ചയായ ഏഴ് കളികളിൽ ഗോൾ നേടുന്ന ആദ്യ താരവുമായി. ജിയോവാനി ലൊ സെൽസോയും ലൗതാരോ മാർട്ടിനെസുമാണ് മറ്റ് ഗോളുകൾ നേടിയത്.
നോക്കൗട്ടിൽ നവാഗതരായ കേപ് വെർദെയെയാണ് അർജന്റീനയ്‌ക്ക് നേരിടേണ്ടത്. നോക്കൗട്ട് ഉറപ്പാക്കിയതിനാൽ മെസി ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ബെഞ്ചിലിരുത്തിയാണ് കോച്ച് ലയണൽ സ്‌കലോണി ടീമിനെ ഇറക്കിയത്. മുന്നേറ്റക്കാരൻ ലൗതാരോ മാർട്ടിനെസും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസും മാത്രം വന്നു. ലൊ സെൽസോ, ജൂലിയൻ അൽവാരസ്, ജിയുലിയാനോ സിമിയോണി, ലിയാൻഡ്രോ പരെദെസ്, മാർക്കോസ് സെനെസി എന്നിവർക്കെല്ലാം ആദ്യപതിനൊന്നിൽ ആദ്യ അവസരമായിരുന്നു.
ലൊ സെൽസോ ആയിരുന്നു ജോർദാനെതിരെ അർജന്റീനയുടെ താരം. 2018 ലോകകപ്പ് ടീമിലുണ്ടായിട്ടും ഒരു കളിയിൽ പോലും ഇറങ്ങാൻ റയൽ ബെറ്റിസ് താരത്തിന് കഴിഞ്ഞില്ല. 2022 ലോകകപ്പിന് മുന്പ് പരിക്കേറ്റു. മനോഹരമായ -്രഫീകിക്ക് ഗോളിലൂടെയാണ് ആ നിരാശകൾ മുപ്പതുകാരൻ മായ്‌ച്ചത്. ഇടവേളയ്‌ക്ക്‌മുന്പ് ഗോൾനേട്ടം അർജന്റീന രണ്ടാക്കി. സെനെസിയെ ഫൗൾ ചെയ്‌തതിനുള്ള പെനൽറ്റി ലൗതാരോ ലക്ഷ്യത്തിലെത്തിച്ചു. ഇതിനിടെ മൗസ അൽ തമാരി ജോർദാനായി ഒരെണ്ണം തിരിച്ചടിച്ചു.
അറുപതാം മിനിറ്റിൽ മെസിയെത്തി. ഇരുപത് മിനിറ്റിൽ ഗോളുംവന്നു. മുപ്പത്തൊന്പതുകാരന്റെ മഴവിൽ ഫ്രീകിക്ക് ജോർദാൻ ഗോൾകീപ്പർ യസീദ് അബുലയ്‌ലയെ കാഴ്‌ചക്കാരനാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലും ഗോൾ. 2022 ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയക്കെതിരെ ഗോളടിച്ചാണ് റെക്കോഡിലേക്കുള്ള യാത്ര തുടങ്ങിയത്. നെതർലൻഡ്‌സ്, ക്രൊയേഷ്യ, ഫ്രാൻസ് ടീമുകളോടും ലക്ഷ്യം കണ്ടു. അൾജീരിയയോട് ഹാട്രിക് അടിച്ചായിരുന്നു ഇൗ ലോകകപ്പിലെ തുടക്കം. കളി ജീവിതത്തിലെ 72–ാം ഫ്രീകിക്ക് ഗോളാണ് മെസിക്ക്.











0 comments