റെയിൽവേ സ്‌റ്റേഷനിൽ 24 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽനിന്ന് 24 കിലോ കഞ്ചാവുമായി റെയിൽവേ പൊലീസ് അറസ്‌റ്റ് ചെയ്‌ത സമീറുൾ ഹക്ക്, എസ് കെ പിയറുൾ, സിറിൽ സോജൻ, ലത്തീഫ് എന്നിവർ
കൊച്ചി
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് കഞ്ചാവുമായി നാലുപേരെ അറസ്‌റ്റ് ചെയ്‌തു. ഇവരിൽനിന്ന് 24.63 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സമീറുൾ ഹക്ക് ( 21), എസ് കെ പിയറുൾ (35), പെരുന്പാവൂർ സ്വദേശികളായ സിറിൽ സോജൻ (24), ലത്തീഫ് (42) എന്നിവരെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ട്രോളി ബാഗുകളിലാക്കി ട്രെയിനിൽ എത്തിച്ച കഞ്ചാവ് രണ്ടാം പ്ലാറ്റ്‌ഫോമിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് റെയിൽവേ പൊലീസ് എസ്‌ഐ എസ് കെ അനിൽകുമാറും സംഘവും ചേർന്ന് അറസ്‌റ്റ്‌ചെയ്‌തത്.
സൗത്ത് റെയിൽവേ സ്‌റ്റേഷനിൽനിന്ന് 10 ദിവസത്തിനിടെ മൂന്നാംതവണയാണ് വൻതോതിലുള്ള കഞ്ചാവുകടത്ത് പിടിക്കുന്നത്. നവംബർ 26ന് നിർത്തിയിട്ട ടാറ്റ നഗർ എക്‌സ്‌പ്രസിൽനിന്ന് 56 കിലോ കഞ്ചാവുമായി റെയിൽവേ ബെഡ്‌റോൾ ജീവനക്കാരനും വാങ്ങാനെത്തിയ രണ്ടു മലയാളികളും പിടിയിലായി. ഡിസംബർ മൂന്നിന് ടാറ്റ നഗർ എക്‌സ്‌പ്രസിലെ മറ്റൊരു ബെഡ്‌റോൾ ജീവനക്കാരൻ 11.9 കിലോ കഞ്ചാവുമായി അറസ്‌റ്റിലായി. ഇടപാടുകാരെ കാത്തുനിൽക്കുന്പോഴാണ് ഇയാൾ പിടിയിലായത്.











0 comments