ഇന്ധന വിലവർധന
ചെലവേറും, വില കയറും

കൊച്ചി
യാത്രാച്ചെലവുമുതൽ നിത്യോപയോഗസാധന വിലവർധനയ്‌ക്കുവരെ ആക്കംകൂട്ടുന്ന പെട്രോൾ, ഡീസൽ വില കൂട്ടിയതിനെതിരെ ജനരോഷമുയരുന്നു. എൽപിജി വാണിജ്യ സിലിണ്ടറിന് 993 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് സാധാരണക്കാരന്റൈ കുടുംബ ബജറ്റ് ഉൾപ്പെടെ തകിടംമറിക്കുംവിധം ഇന്ധനവില വർധിപ്പിച്ചത്. സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായതിനാൽ, പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ മറവിൽ ഇനിയും ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
പെട്രോളിനും ഡീസലിനും മൂന്ന് രൂപയിലേറെയാണ് ഇപ്പോഴുണ്ടായിട്ടുള്ള വർധന. വിലവർധനയ്‌ക്കുശേഷം കൊച്ചിയിൽ ഡീസലിന് 97. 55 രൂപയും പെട്രോളിന് 108.65 രൂപയുമാണ് ലിറ്ററിന് വില. സിഎൻജിക്ക് രണ്ടു രൂപയും വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി യാത്രാച്ചെലവിലും നിത്യോപയോഗസാധന വിലയിലും ഉണ്ടാകാൻപോകുന്ന വർധനയാണ് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുക.
പൊതുഗതാഗത മേഖലയിലുള്ള ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കുകൾ ഉയർത്തണമെന്ന ആവശ്യം ഇപ്പോൾത്തന്നെ ഉയർന്നുകഴിഞ്ഞു. നൂറ് ലിറ്റർ ഡീസൽ അടിക്കുന്ന ബസിന് 300 രൂപയാണ് അധികച്ചെലവ് വരിക. ചരക്കുവാഹനങ്ങൾക്ക് ഉണ്ടാകുന്ന അധികച്ചെലവ് ഭക്ഷ്യോൽപ്പന്നങ്ങൾമുതൽ എല്ലാ സാധനങ്ങളുടെയും വിലയുയരാനിടയാകും. എൽപിജി വാണിജ്യ സിലിണ്ടർ വില അന്യായമായി ഉയർത്തിയതിന്റെ കെടുതികളിലാണ് ഹോട്ടൽ, റസ്‌റ്റോറന്റ് സ്ഥാപനങ്ങൾ. പെട്രോൾ, ഡീസൽ വിലവർധനയോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വില വീണ്ടും ഉയരും.
എൽപിജി വിലവർധനയുടെ ഭാഗമായി ഇപ്പോൾ ഭക്ഷണവിലയിൽ അഞ്ചു രൂപമുതൽ 20 രൂപവരെ വർധിച്ചു. ഓൺലൈൻ ഡെലിവറിയും വിലപിടിച്ചതാകും. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി ആപ്പുകളും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളും ഡെലിവറി നിരക്കുകൾ വർധിപ്പിക്കാനുള്ള നീക്കത്തിലാണ്.










0 comments